63-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്നുള്ള പ്രത്യേക
ജൂറി പരാമർശം ഇത്തവണ രണ്ട് പേർക്കാണ് ലഭിച്ചത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പൻ ചിത്രത്തിലെ അഭിനയത്തിന് അലൻസിയറും പുരസ്‌കാരം പങ്കിട്ടു. കോടതി വ്യവഹാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്.’ നീതിയ്‌ക്കായി കോടതിയെ അഭയം പ്രാപിക്കുന്ന സാധാരണക്കാരനെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. രാജീവൻ എന്ന കള്ളന്റെ വേഷമാണ് കുഞ്ചാക്കൊ ബോബൻ ചെയ്യുന്നത്. മോഷണം അവസാനിപ്പിച്ചിട്ടും തന്നെ കേസിൽ അകപ്പെടുത്തിയതിനെ തുടർന്ന് കോടതിയെ അഭയം പ്രാപിക്കുന്നതും തുടർന്ന് തെറ്റുകാരനല്ലെന്ന് തെളിയിക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ കഥ.
അരയ്‌ക്ക് താഴെ തളർന്ന് കിടക്കയിൽ ഒതുങ്ങിക്കിടക്കുന്ന ഇട്ടിയെന്ന പരുഷനായ കഥാപത്രത്തിലൂടെയാണ് അലൻസിയർ ശ്രദ്ധ നേടുന്നത്. അപ്പൻ എന്ന ചിത്രത്തിലെ അലൻസിയറിന്റെ കഥാപാത്രം മറയില്ലാത്ത വ്യക്തിത്വത്തെ കൃത്യമായി അവതരിപ്പിക്കുന്നതാണ്. സാധാരണക്കാരൻ എന്നതിന് അപ്പുറം പരുഷമായ പുരുഷനെ അഭ്രപാളിയിലെത്തിക്കാൻ ഇട്ടിക്ക് കഴിഞ്ഞു. അതേസമയം ഭയത്തിന്റെ ദുർഘടമായ അവസ്ഥാന്തരത്തെയും ഇട്ടിയിലൂടെ അലൻസിയർ അവതരിപ്പിച്ചു.
മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്. എം.ജയചന്ദ്രനാണ് മികച്ച സംഗീതസംവിധാനത്തിനുള്ള പുരസ്‌കാരം.
















Comments