ന്യൂഡൽഹി : ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികളുടെ എണ്ണം ഈ വർഷം 19.7 കോടിയാകുമെന്ന് കേന്ദ്രസർക്കാർ .2011 ലെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം മുസ്ലീങ്ങളാണെന്നും 2023 ലും ഈ ജനസംഖ്യ ഇതേ അനുപാതത്തിലായിരിക്കുമെന്നും ലോക്‌സഭയിൽ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
.
2011ൽ രാജ്യത്തെ മുസ്ലീം ജനസംഖ്യ 17.2 കോടിയായിരുന്നു. ടെക്നിക്കൽ ഗ്രൂപ്പ് ഓൺ പോപ്പുലേഷൻ പ്രൊജക്ഷന്റെ (technical group on population projection) റിപ്പോർട്ട് അനുസരിച്ച്, 2023 ൽ രാജ്യത്തെ ജനസംഖ്യ 138.8 കോടിയാണ്. ” 2011 ലെ സെൻസസിൽ ഉണ്ടായിരുന്ന അതേ അനുപാതം വെച്ചു നോക്കിയാൽ, 2023 ൽ രാജ്യത്തെ മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടി ആകും,” എന്നും സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞു.
സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) നടത്തിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) 2021-22 പ്രകാരം ഏഴ് വയസും അതിൽ കൂടുതലുമുള്ള മുസ്ലീങ്ങളുടെ സാക്ഷരതാ നിരക്ക് 77.7% ആണെന്നും സ്മൃതി ഇറാനി പറഞ്ഞു. സർവേ 2020-21 അനുസരിച്ച്, മെച്ചപ്പെട്ട കുടിവെള്ള സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്ത മുസ്ലീങ്ങളുടെ ശതമാനം 94.9% ആണെന്നും മെച്ചപ്പെട്ട ടോയ്‌ലറ്റ് ലഭ്യമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളവർ 97.2% ആണെന്നും മന്ത്രി വ്യക്തമാക്കി.
Comments