കോട്ടയം: എംജി സർവകലാശാലയ്‌ക്ക് കീഴിലെ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങളും വിവാദമാകുന്നു. ശ്രീശങ്കര ട്രസ്റ്റിന്റെ കീഴിലുള്ള പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഇടതുസഹയാത്രികനെ പ്രിൻസിപ്പലാക്കിയെന്ന് പരാതി. ഇടതുസഹയാത്രികനും, ഇടത് അധ്യാപക സംഘടനയായ എകെപിസിടിഎ-യുടെ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ ഡോ. കെ എം സുധാകരനെ പ്രിൻസിപ്പലായി നിയമിച്ചതാണ് വിവാദമാകുന്നത്.
ഡോ. ഷീന എം കൈമളിനെ മറികടന്നാണ് കെഎം സുധാകരന്റെ നിയമനം. അക്കാദമിക രംഗത്തെ വിവിധ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി പ്രിൻസിപ്പൽ നിയമനത്തിന് 120 പോയിന്റാണ് വേണ്ടത്. കെഎം സുധാകരന് 96 പോയിന്റും, ഡോ. ഷീന എം കൈമളിന് 225 പോയിന്റുമായിരുന്നു ലഭിച്ചത്. സുധാകരന്റെ മാർക്കിൽ തിരുത്തലുകൾ വരുത്തി നിയമനത്തിന് വേണ്ട 120 പോയിന്റാക്കി നൽകിയെന്നാണ് പരാതി. നൂറ് പോയിന്റലധികം കൂടുതലായി ലഭിച്ച ഷീനയെ ഒഴിവാക്കാൻ സുധാകരന്റേത് ഇന്റർവ്യുവിലെ മികച്ച പ്രകടനമെന്ന ന്യായീകരണവും സർവകലാശാല നിരത്തി.
നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും കോളേജ് അധികൃതർ ഒളിച്ചുകളിക്കുകയായിരുന്നു. ചട്ടവിരുദ്ധ നിയമനം ചൂണ്ടിക്കാട്ടി ഉന്നത-വിദ്യാഭ്യാസ അദ്ധ്യാപക സംഘം ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്. എസ്എസ്‌വിയിൽ നടന്നത് വഴിവിട്ട പ്രിൻസിപ്പൽ നിയമനമാണെന്ന് ശ്രീശങ്കര ട്രസ്റ്റ് കൗൺസിൽ അംഗം എം പി രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
Comments