പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം. പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജിയാണ് ഉത്തരവിട്ടത്. പത്തനംതിട്ട ഓമനല്ലൂരിനടുത്തുള്ള പ്രക്കാനം സ്വദേശി അഖിൽ കെ. ബോബിയ്‌ക്കാണ് നഷ്ടപരിഹാരമായി 1,58,76,192 രൂപ ലഭിക്കുക. ബൈക്കപകടത്തിൽ പരിക്കേറ്റ സംഭവങ്ങളിൽ സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് ഇത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. ഇലന്തൂരിൽ വെച്ചാണ് അഖിലിന്റെ ബൈക്ക് അപകടത്തിൽ പെടുന്നത്. അഖിലിന്റെ ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന അഖിൽ നാട്ടിലെത്തിയപ്പോഴായിരുന്നു ജീവിതത്തെ മാറ്റി മറിച്ച അപകടമുണ്ടായത്. ഗുരുതരമായ പരിക്കുകൾ കാരണം 90 ശതമാനം സ്ഥിരം വൈകല്യം സംഭവിച്ചു.
ഇത് സംബന്ധിച്ച മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയാണ് അഖിൽ കോടതിയെ സമീപിച്ചത്. തുടർന്ന് 2018 മാർച്ചിലാണ് പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. 1,02,49,444 രൂപ നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു അഖിലിന്റെ ആവശ്യം. 2018 മാർച്ച് 14 മുതൽ നാളിതുവരെയുള്ള പലിശ വിഹിതവും കോടതി ചെലവായ 6,17,333 രൂപയും സഹിതം 1,58,76,192 രൂപയാണ് കോടതി വിധിച്ചത്. ഈ തുക അഖിലിന് കൈമാറാനും ഉത്തരവായി. ഈ നഷ്ടപരിഹാര തുക ഒരു മാസത്തിനുള്ളിൽ നൽകണമെന്നും ജഡ്ജി ജിപി ജയകൃഷ്ണൻ അറിയിച്ചു.
















Comments