തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു. വനം വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്തെന്നും ഇനി നടപടിയെടുക്കേണ്ടത് ക്രൈംബ്രാഞ്ച് ആണെന്നുമായിരുന്നു വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചത്.
കേസിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് 2021ലാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഗൂഢാലോചന പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കേസിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നതോടെ അന്വേഷണം മന്ദഗതിയിലാക്കി. ക്രൈം ബ്രാഞ്ച്, വനം വകുപ്പ്, വിജിലൻസ് എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് വനം വകുപ്പ് ഉന്നതതല അന്വേഷണസംഘം രൂപീകരിച്ചത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് മരത്തിന് കൂടുതൽ മൂല്യം ഉണ്ടെന്ന് കണ്ടെത്തുകയും വനം വകുപ്പ് ചെയ്യാനുള്ളതെല്ലാം ചെയ്തതായും വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.
ക്രൈം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി തുടക്കം മുതലേ ആരോപണം ഉയർന്നിരുന്നു. വനം- റവന്യു ഉദ്യോഗസ്ഥരുടെ പങ്ക്, കുറ്റപത്രം സമർപ്പിക്കൽ തുടങ്ങിയ നടപടികൾ ബാക്കി നിൽക്കെയായിരുന്നു പ്രതികൾക്കെതിരെ മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. അതിനിടെ, മുട്ടിൽ മരം മുറി കേസിൽ സസ്‌പെൻഷനിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പട്ടയഭൂമികളിൽനിന്നു ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടാമെന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു തടികൾ പ്രതികൾ വെട്ടിക്കടത്തിയത്.
















Comments