ധർമ്മവും മറഞ്ഞു മര്യാദയും മുടിഞ്ഞ ഒരു കാലം. രാക്ഷസവർഗ്ഗം ആധിപത്യം നേടാനും ഉറപ്പിക്കാനുമായി മാനവന്മാരുടെ കൈയും കഴുത്തും എല്ലാം വെട്ടി ഭീകരത സൃഷ്ടിക്കുന്നു, ഇവിടുത്തെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നു. ഗുരുകുലങ്ങളെയും അധ്യാപന രീതികളെയും തകർക്കുന്നു. ഗുരുക്കന്മാരെ പലവിധത്തിലും അപമാനിക്കുന്നു..
ഭഗവാന്റെ പൊക്കിൾക്കൊടിയിൽ പിറന്ന പത്മസംഭവനായ ബ്രഹ്മദേവൻ ശ്രീപത്മനാഭനെ കണ്ട് സങ്കടമുണർത്തിച്ചു. കശ്യപാംശമായ ദശരഥനു പുത്രനായി താൻ തന്നെ മാനവനായി അവതരിച്ച് രാക്ഷസ വർഗ്ഗത്തെ തീർത്ത് രക്ഷയുളവാക്കുമെന്ന് മഹാവിഷ്ണു അറിയിച്ചു. മറ്റു ദേവന്മാർ കപി വീരന്മാരായി പിറന്നു വാസുദേവനു പരിചാരകരായി സേവിക്കണം എന്നും നിശ്ചയിക്കപ്പെട്ടു. പുത്രന്മാരില്ലാതെ വിഷമിക്കുകയായിരുന്ന ദശരഥൻ ഋഷ്യശൃംഗനെ കൊണ്ടുവന്ന് പുത്രകാമേഷ്ടിയാഗം നടത്തി. ഹോമകുണ്ഡത്തിൽ നിന്നു ഉയർന്നുവന്ന അഗ്നിദേവൻ കൊടുത്ത ഔഷധ പായസം സേവിച്ച ദശരഥ പത്നിമാർ ഗർഭം ധരിച്ചു..
ഭഗവാൻ ശ്രീരാമന്റെ അവതാര വിവരങ്ങൾ മുൻകൂട്ടിയറിഞ്ഞ വസിഷ്ഠ തപോധനൻ കാലങ്ങൾക്ക് മുൻപേ തന്നെ സൂര്യവംശത്തിന്റെ കുലഗുരുവായി വന്നു, രാമാവതാരം ഉണ്ടാകുമ്പോൾ ആ പാദസേവ നടത്താൻ മുൻകൂട്ടി സേവ ചെയ്തു ശീലിച്ചു. ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളും ഏറെ നടത്തി. സീമന്ത – പുംസവനാദി ക്രിയകളെല്ലാം പൂർത്തിയാക്കി. നല്ല വ്യക്തികളെ വാർത്തെടുക്കുവാൻ വളരെ മുൻപേ തന്നെ ശ്രമങ്ങൾ വേണമെന്ന് തെളിയിക്കപ്പെട്ടു..
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
















Comments