റിയാദ്: സ്വീഡനിൽ വീണ്ടും ഖുറാൻ കത്തിക്കൽ പ്രതിഷേധം. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് ആക്ടിവിസ്റ്റുകൾ ഖുറാൻ കത്തിച്ചത്. ഇസ്ലാമിക ഭീകരവാദികൾ കുർദിഷുകളെ കൊന്നൊടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഖുറാൻ കത്തിക്കൽ. കഴിഞ്ഞ ജനുവരിയിൽ സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് സമീപം ഡാനിഷ് രാഷ്‌ട്രീയ പാർട്ടിയായ ഹാർഡ് ലൈൻ നേതാവ് റാസ്മസ് പലുദാൻ ഖുറാൻ കത്തിക്കൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ പ്രതിഷേധം.
സ്‌റ്റോക്ക്‌ഹോമിലെ ഖുറാൻ കത്തിക്കലിൽ പ്രതിഷേധിച്ച് ഇസ്ലാമിക രാഷ്‌ട്രങ്ങൾ രംഗത്തുവന്നു. സൗദി സ്വീഡിഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറി. സംഭവത്തിനെതിരെ തുർക്കി പ്രസിഡന്റ് എർദൊഗാനും രംഗത്തുവന്നു. അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരിൽ സ്വീഡനിൽ നടക്കുന്നത് മുസ്ലീം വിരുദ്ധ പ്രചരണങ്ങളാണെന്ന് എർദൊഗാൻ കുറ്റപ്പെടുത്തി. സംഭവത്തെ അപലപിച്ച് മുസ്ലിം വേൾഡ് ലീഗും കുറിപ്പിറക്കി. മതപരവും മാനുഷികവുമായ എല്ലാ മര്യാദകളെയും ലംഘിക്കുന്ന സംഭവങ്ങളാണ് സ്വീഡനില് നടക്കുന്നതെന്നാണ് മുസ്ലീം വേൾഡ് ലീഗ് നടത്തിയ പ്രതികരണം.
ഇസ്ലാമിക രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് സ്വീഡനിൽ നടക്കുന്നത്. ഇടക്കാലത്ത് സ്വീഡിഷ് പോലീസ് ഇത്തരം പ്രതിഷേധങ്ങൾ നിരോധിച്ചെങ്കിലും കോടതി ഇടപെട്ട് വിലക്കുകൾ ഒഴിവാക്കുയായിരുന്നു. ഖുറാൻ കത്തിക്കുന്നത് തടയുന്നതുവഴി ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
















Comments