കൊച്ചി: യുഎപിഎ കേസുകളിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതിയും പെരിന്തൽമണ്ണ സ്വദേശിയുമായ അഹമ്മദ് കുട്ടി പൊതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന വിധി.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരം അഹമ്മദ് കുട്ടിയ്‌ക്കെതിരെ ഹൈക്കോടതി തീവ്രവാദക്കുറ്റം ചുമത്തുകയും ഇയാളെ നിരീക്ഷിക്കാനും ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അഹമ്മദ് കുട്ടി പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. എൻഐഎ പ്രത്യേക കോടതി ജാമ്യഹർജി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പിലീലാണ് വിധി. ജസ്റ്റിസുമാരായ പിബി സുരേഷ്‌കുമാർ, സി.എസ് സുധ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ച് ഹർജി തള്ളിയത്.
യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയതിനാൽ നിയമത്തിലെ 43-ാം വകുപ്പ് അനുസരിച്ച് മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് എൻഐഎയ്‌ക്ക് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു കോടതിയെ അറിയിച്ചു. പട്ടികജാതി, വർഗ പീഡന നിരോധന നിയമത്തിലെ സമാന വകുപ്പ് വ്യാഖ്യാനിച്ച് മുൻകൂർ ജാമ്യഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി വിധിച്ചത് ചൂണ്ടിക്കാട്ടി ഹർജി നിലനിൽക്കുമെന്ന് മറുഭാഗവും വാദിച്ചു. രണ്ട് നിയമങ്ങളും താരതമ്യപ്പെടുത്താൻ കഴിയില്ലെന്ന് എൻഐഎയും വാദമുയർത്തി.
ഇരു നിയമങ്ങളിലെയും വകുപ്പുകളും സുപ്രീംകോടതി വിധികളും പരിശോധിച്ച ഡിവിഷൻ ബെഞ്ച് നിയമവിരുദ്ധ നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് വിധിച്ചു. സ്വർണക്കടത്ത് കേസിൽ വിദേശത്ത് നിന്ന് പങ്ക് വഹിച്ചയാളാണ് ഇയാളെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന എൻഐഎ വാദവും കോടതി അംഗീകരിച്ചു.
















Comments