ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബായ മിനർവ അക്കാദമി എഫ്സി സ്വീഡനിൽ നടന്ന ഗോതിയ കപ്പ് ഉയർത്തുന്ന ആദ്യ ഇന്ത്യൻ ടീമായി ചരിത്രമെഴുതി. ഇന്നലെ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ബ്രസീലിയൻ ടീമായ ഓർഡിൻ എഫ്സിയെ 3-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം അണ്ടർ 13 വിഭാഗത്തിൽ ജേതാക്കളായത്.
മത്സരം ആരംഭിച്ച് അഞ്ച് മിനിറ്റിനുളളിൽ തന്നെ എതിരാളികൾക്ക് പ്രഹരമേൽപ്പിക്കാൻ ഇന്ത്യൻ ടീമിനായി. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തിയ്യമാണ് മിനർവ്വക്കായി ആദ്യ ഗോൾ നേടിയത്. 4-ാമത്തെ മിനിറ്റിൽ സനതോയ് ക്ലബ്ബിന്റെ ലീഡ് രണ്ടായി ഉയർത്തി. എന്നാൽ 15-ാം മിനിറ്റിൽ ബ്രസീലിയൻ സ്ട്രൈക്കർ മൗറീഷ്യോയിലൂടെ സ്‌കോർ 2-1 ആയി. 23-ാം മിനിറ്റിൽ തിയാം തന്റെ ഇരട്ട ഗോൾ നേടിയതോടെ ആദ്യപകുതിയിൽ തന്നെ 2 ഗോളിന് ഇന്ത്യൻ ക്ലബ്ബ് മുന്നിലായി. ശേഷം രണ്ടാം പകുതിയിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെ മിനർവ്വ വിജയം പിടിച്ചെടുക്കുകയായിരുന്നു.
1975ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര യൂത്ത് ഫുട്‌ബോൾ ടൂർണമെന്റായ ഗോതിയ കപ്പ് സ്വീഡനിലെ ഗോഥെൻബർഗിലാണ് അരങ്ങേറുന്നത്. 80 രാജ്യങ്ങളിൽ നിന്നായി ഏകദേശം 1000ത്തിലധികം ക്ലബ്ബുകളാണ് നൂറിലധികം വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഓരോ വർഷവും പങ്കെടുക്കുന്നത്. ആൾസ്വെൻസ്‌കാൻ ക്ലബ്ബായ ബികെ ഹാക്കനാണ് ടൂർണമെന്റിന്റെ പ്രധാന സംഘാടകർ.
















Comments