മെക്സിക്കോ സിറ്റി: ബാറിൽ നിന്ന് പുറത്താക്കിയതിൽ പ്രകോപിതനായ മദ്യപാനി ബാറിന് തീയിട്ടു. സംഭവത്തിൽ 11 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. വടക്കൻ മെക്‌സിക്കോയിലെ അതിർത്തി നഗരമായ സാൻ ലൂയിസ് റിയോ കൊളറാഡോയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.
ബാറിലുണ്ടായിരുന്ന സ്ത്രീകളോട് മോശമായതിനെ തുടർന്നായിരുന്നു മദ്യപിച്ചുകൊണ്ടിരുന്ന യുവാവിനെ അധികൃതർ പുറത്താക്കിയത്. എന്നാൽ ഇതിൽ പ്രകോപിതനായ യുവാവ് അൽപം സമയം കഴിഞ്ഞ് തിരിച്ചെത്തുകയും ബാറിന് തീയിടുകയുമായിരുന്നു. പൊള്ളലേറ്റ് മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. മറ്റുള്ളവർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. 17 വയസുകാരനും യുഎസ് പൗരത്വമുള്ള വനിതയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
Comments