കർക്കിടകമാസത്തിൽ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഔഷധ കഞ്ഞി കുടിയ്‌ക്കുന്നത് പതിവാണ്. ഇത്തരത്തിൽ വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു കഞ്ഞിയാണ് ഉലുവാ കഞ്ഞി. ഉലുവാക്കഞ്ഞി എന്നത് കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ സമ്പുഷ്ടമായതുമായ ആഹാരമാണ്. ഇതിന്് പുറമേ പല വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ശരീരബലം കൂട്ടുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ഉണർവും ഉന്മേഷവും ലഭിക്കുന്നതിനും ഉചിതമായ ഒന്നാണ് ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധാരണയായി കർക്കിടക മാസത്തിന്റെ ആദ്യത്തെ ഏഴ് ദിവസമോ അല്ലെങ്കിൽ അവസാനത്തെ ഏഴ് ദിവസമോ ആണ് കഴിക്കുന്നത് പതിവ്. ഉലുവ കഞ്ഞി പ്രഷർ കുറയ്‌ക്കുന്നതിനും രോഗങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കും.
ആവശ്യമായ ചേരുവകൾ…
ഉലുവ-1/4 കപ്പ്
ഞവര അരി- 1 കപ്പ്
ഒന്നാം പാൽ- 1/2 കപ്പ് (ഒരു കപ്പ് തേങ്ങ ചിരവിയതിൽ നിന്നാണ് എടുക്കേണ്ടത്.)
രണ്ടാം പാൽ 3/4 കപ്പ്
ജീരകം -1 ടീസ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് -1/4 കപ്പ്
നെയ്യ് -1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- കാൽകപ്പ് ഉലുവ നന്നായി കഴുകി എടുത്തതിന് ശേഷം ഏഴ് മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് വയ്‌ക്കണം. ഇതിന് ശേഷം ഒരു കുക്കറിൽ ഇതിന് ശേഷം കുക്കറിൽ വെച്ച് ഉലുവ വേവിക്കണം.
- ഞവര അരി നന്നായി കഴുകി എടുത്തതിന് ശേഷം സ്റ്റീം പോയ കുക്കറിലേക്ക് വേവിച്ച ഉലുവയ്‌ക്ക് ഒപ്പം ഇടണം. ഇതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.
- ഒരു കപ്പ് തേങ്ങ ചിരവിയതിൽ നിന്ന് 1/2 കപ്പ് ഒന്നാം പാലും, മുക്കാൽ കപ്പ് രണ്ടാം പാലും എടുക്കണം. കുക്കറിന്റെ വിസിൽ അടിച്ചതിന് ശേഷം രണ്ടാം പാൽ ഒഴിച്ച് ഇവയെല്ലാം കൂടെ തിളപ്പിക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
- ഇതിന് ശേഷം ഒന്നാം പാൽ ഒഴിക്കുക. മറ്റൊരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കാൽ കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് വഴറ്റിയെടുക്കുക. ഇത് നേരത്തെ തയാറാക്കിയ ഉലുവ കഞ്ഞിയിലേക്ക് ഇട്ട് എല്ലാം കൂടെ ഇളക്കിയതിന് ശേഷം ചൂടോടെ വിളമ്പാവുന്നതാണ്.
ഉലുവക്കഞ്ഞിയുടെ ആരോഗ്യ ഗുണങ്ങൾ
ചീത്ത കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിന് ഉലുവ കഞ്ഞി ഉചിതമാണ്. ഇതിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. ഉലുവാക്കഞ്ഞിയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിക്കാതിരിക്കാനും സഹായകമാണ്.
ഉലുവാക്കഞ്ഞി ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് വയർ നിറയ്‌ക്കാൻ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഉലുവാക്കഞ്ഞിയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാൽ മുടി കൊഴിച്ചിൽ തടയാനും വൃക്കരോഗങ്ങൾ അകറ്റാനും ഉലുവാക്കഞ്ഞി ഉത്തമമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉലുവാ കഞ്ഞി കുടിയ്‌ക്കുന്നതിന് ഏറ്റവും ഉചിതം ഉച്ച സമയമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റമിനുകൾ എന്നിവയെല്ലാം ശരീരത്തിലേയ്‌ക്ക് കൃത്യമായി എത്താൻ ഇത് സഹായകമാണ്. ചിലർ രാത്രിയിൽ ഈ കഞ്ഞി തയ്യാറാക്കി കുടിക്കാറുണ്ട്. എന്നാൽ പലർക്കും ഉറങ്ങാൻ അസ്വസ്ഥതകൾ നേരിടാൻ സാദ്ധ്യതയുണ്ട്. ഇക്കാരണത്താൽ തന്നെ പരമാവധി ഉച്ചയ്‌ക്ക് തന്നെ ഈ ഔഷധകഞ്ഞി കുടിക്കാൻ ശ്രദ്ധിക്കുക.
















Comments