എല്ലാവരുടെയും പരമാനന്ദം ഭഗവത് തത്തിലാണ്. പരമാത്മാവിലാണ്. ഇതാണ് വസിഷ്ഠമഹർഷിയയെ സൂര്യവംശത്തിന്റെ കുല ഗുരുവായി വരാൻ പ്രേരിപ്പിച്ചത്. മഹാവിഷ്ണു ഈ വംശത്തിൽ അവതാരം എടുക്കുമെന്ന് ബ്രഹ്മ നന്ദനനായ വസിഷ്ഠ മഹർഷിക്ക് മുന്നറിയിപ്പ് ലഭിച്ചു. ദശരഥപുത്രനു രാമൻ എന്ന പേര് നിശ്ചയിച്ചത് വസിഷ്ഠൻ തന്നെ.
“സമസ്ത ലോകങ്ങളും ആത്മാവിങ്കലെ രമിച്ചിടുന്നു നിത്യം” രമിപ്പിക്കുന്നവൻ എന്ന അർത്ഥത്തിലാണ് രാമൻ എന്ന പേരിട്ടത്. ഇതൊക്കെ അറിയാമെങ്കിലും രോഗവ്യവഹാരത്തിനു വേണ്ടി വസിഷ്ഠമഹർഷി യഥാകാലം വിധി പൂർവ്വകമായി ഉപനയനം നടത്തിച്ചു. ശ്രുതി സ്മൃതികളെല്ലാം പഠിപ്പിച്ചു. അത്യാവശ്യമായ ആയുധവിദ്യകളും രാമാദികൾ അഭ്യസിച്ചു.
ഇതിനിടെ മഹർഷി വിശ്വാമിത്രന് ഒരു സംശയം. വസിഷ്ഠമഹർഷിയുടെ സഹവാസം ശ്രീരാമനിൽ ആധ്യാത്മിക ചിന്തകൾ കൂടുതൽ ഉണർത്തുന്നില്ലേ.??രാമന് രാക്ഷസ രാജാവായ രാവണനെ യുദ്ധത്തിൽ നേരിടാനുള്ളതാണ്. മാനവനല്ലാതാരാലും അവധ്യനായിരിക്കണമെന്ന് ബ്രഹ്മദേവനിൽ നിന്ന വരം നേടിയിരിക്കുന്നവനാണ് രാവണൻ.ശ്രീരാമനിൽ മാനവ ബോധം വിട്ട് പരമാത്മ ബോധം കൂടുതലായി ഉണർന്നാൽ രാവണനിഗ്രഹത്തിന് പ്രയാസം നേരിടും. വിധിയുടെ വരം വിധി നന്ദനൻ വസിഷ്ഠൻ മറന്നുവോ.?? ലൗകികകാര്യങ്ങളിലും ശ്രീരാമന്റെ ചിന്തകൾ ഉണരണം, എന്നാലേ മാനവികത നിലനിൽക്കൂ.
വിശ്വത്തിന്റെ മുഴുവൻ മിത്രമാണ് വിശ്വാമിത്രൻ. ശ്രീരാമൻ ഒരു കുടത്തിൽ (കുംഭോദ്ഭവനായ വസിഷ്ഠ ചിന്തയിൽ) ഒതുങ്ങേണ്ടവനല്ല. ആയുധാഭ്യാസവും സഹനശക്തിയും എല്ലാം ഇനിയും ഏറെ നേടേണ്ടിയിരിക്കുന്നു. പരശുരാമന് തുല്യനായി മാറേണ്ടിയിരിക്കുന്നു. ഈ നിശ്ചയത്തോടെയാണ് വിശ്വാമിത്ര മഹർഷി അയോദ്ധ്യയിലെത്തിയത്.തനിക്ക് ഏതുനേരത്തും അയോദ്ധ്യയിൽ എത്താൻ സ്വാതന്ത്ര്യം ഉള്ളതാണ് എന്നാൽ വസിഷ്ഠൻ ഇപ്പോഴും തന്നെ ശത്രുവിനെ പോലെ കാണുന്നുണ്ടോ എന്നുമറിയില്ല. ഏതായാലും ദശരഥനും ശ്രീരാമനും തമ്മിലുള്ള സ്നേഹബന്ധം സ്നേഹപാശമായി ബന്ധനമാകുന്നത് തടയണം. അതിനുള്ള മാർഗവും മഹർഷി നിശ്ചയിച്ചു.
“ഞാൻ അമാവാസി തോറും പിതൃ ദേവാദികളെ ധ്യാനിച്ചു ചെയ്തിടുന്ന ഹോനത്തെ മുടക്കുന്നോർ”ചിലരുണ്ട്. വിശ്വാമിത്രൻ ദശരഥനെ അറിയിച്ചു. വേഷം മാറി വന്ന് കാപട്യം കാട്ടി വംശനാശത്തിന് വഴിയൊരുക്കുന്ന ദുഷ്ടവർഗ്ഗങ്ങൾ. അവരുടെ വഞ്ചനകൾ അസഹ്യമാകുന്നു. ഈ ഘട്ടത്തിൽ ജീവിതത്തെ വിജയിപ്പിക്കുവാൻ രാമലക്ഷ്മണന്മാരെ എന്റെ കൂടെ അയക്കണം എന്നതായിരുന്നു വിശ്വാമിത്രന്റെ ആവശ്യം.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments