നൈനിറ്റാൾ ; ഉത്തരാഖണ്ഡ് നൈനിറ്റാൾ നഗരത്തിലെ മെട്രോപോൾ പ്രദേശത്തുള്ള 134 അനധികൃത കെട്ടിടങ്ങൾക്ക് നേരെ ബുൾഡോസർ നടപടി . ആറ് ജെസിബി മെഷീനുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയത് .
എൺപത് സബ് ഇൻസ്പെക്ടർമാരെയും 150 വനിതാ കോൺസ്റ്റബിൾമാരെയും , നാല് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകരെയും പ്രദേശത്ത് വിന്യസിച്ച ശേഷമായിരുന്നു നടപടി . 300 കോടി വിലമതിക്കുന്ന വസ്തുക്കളാണ് ഇത്തരത്തിൽ അനധികൃതമായി കൈയ്യേറിയിരുന്നത് .
ഓപ്പറേഷന് മുന്നോടിയായി വസ്തു അനധികൃതമായി കൈവശം വെച്ചവർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നൽകുകയും വീടുകള് ഒഴിയാൻ നിർദേശിക്കുകയും ചെയ്തിരുന്നു. നോട്ടീസിനെ തുടർന്ന് കൈയേറ്റക്കാർ ഇളവ് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവരുടെ ഹർജി തള്ളുകയായിരുന്നു.
കൈയേറ്റക്കാരോട് അടിയന്തരമായി സ്ഥലം ഒഴിയാൻ ഹൈക്കോടതി നിർദേശിച്ചു. ഭരണസമിതിയുടെ ഒഴിപ്പിക്കൽ നോട്ടീസും ഹൈക്കോടതിയുടെ ഉത്തരവുകളും ഉണ്ടായിട്ടും പല കൈയേറ്റക്കാരും സ്ഥലം വിട്ടുനൽകാത്തതിനാലാണ് ബുൾഡോസർ ഉപയോഗിച്ച് അനധികൃത വീടുകൾ പൊളിക്കാൻ തുടങ്ങിയത് .
നടപടിയിൽ ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും രോഷാകുലരാണ് . ഇതേസ്ഥലത്ത് വീടുകൾ തിരികെ നിർമ്മിച്ചു നൽകണമെന്നാണ് ഇടത് പ്രവർത്തകർ ആവശ്യപ്പെടുന്നത് . വർഷങ്ങളായി കൈയേറ്റക്കാർ കൈവശം വച്ചിരുന്ന ശത്രു സ്വത്തുക്കൾ ഒഴിപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) കോടതിയും ഉത്തരവിട്ടിരുന്നു . 2010ൽ സർക്കാർ ഭൂമിയുടെ കസ്റ്റഡി ഏറ്റെടുത്തിട്ടും എന്തിനാണ് ഭൂമി കയ്യേറിയതെന്ന് രേഖകൾ സമർപ്പിക്കാനും വാദിക്കാനും എസ്ഡിഎം കോടതി കൈയേറ്റക്കാർക്ക് മതിയായ സമയം നൽകി.
ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന കൈയേറ്റത്തെ പിന്തുണയ്‌ക്കുന്ന ഒരു തുണ്ട് രേഖ പോലും സമർപ്പിക്കുന്നതിൽ കൈയേറ്റക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2010ൽ സർക്കാർ ശത്രുക്കളുടെ സ്വത്ത് കസ്റ്റഡിയിലെടുത്തപ്പോൾ 116 കയ്യേറ്റക്കാരാണുണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ എസ്എൻ ബാബുൽക്കറും ചീഫ് സ്റ്റാൻഡിംഗ് കൗൺസൽ സിഎസ് റാവത്തും ചൂണ്ടിക്കാട്ടി. എല്ലാ സ്വത്തുക്കളും സർക്കാർ ഏറ്റെടുത്തു. എന്നാൽ, 2023ഓടെ ഇത് 134 ആയി ഉയർന്നു .ഇവരെല്ലാം അനധികൃത താമസക്കാരാണെന്നും അടിയന്തരമായി ഒഴിപ്പിക്കാൻ ഉത്തരവിടണമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
പത്ത് ദിവസത്തിനകം സ്ഥലം ഒഴിയണമെന്ന് രേഖാമൂലം നൽകിയിട്ടും കൈയേറ്റക്കാർ വിസമ്മതിച്ചു . പ്രസ്തുത സ്വത്ത് മഹ്മൂദാബാദിലെ രാജാവ് എന്നറിയപ്പെടുന്ന പാക് പൗരനായ മുഹമ്മദ് അമീർ മുഹമ്മദ് ഖാന്റേതായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അമീർ അഹമ്മദ് ഖാൻ, അന്നത്തെ മഹ്മൂദാബാദിലെ രാജാവായിരുന്നു, ഇന്ത്യ വിട്ട് ഇറാഖിലേക്ക് മാറി. ഒടുവിൽ, 1957-ൽ പാക് പൗരത്വം സ്വീകരിച്ച അദ്ദേഹം താമസിയാതെ ലണ്ടനിലേക്ക് മാറി. അവിടെ വച്ച് അദ്ദേഹം 1973-ൽ മരിച്ചു. 1974 മുതൽ മഹ്മൂദാബാദിലെ രാജാവിന്റെ പിൻഗാമികൾ തന്റെ സ്വത്ത് ‘ശത്രു സ്വത്ത്’ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗവൺമെന്റുമായി നിയമപോരാട്ടം നടത്തിവരികയായിരുന്നു.
















Comments