ഹ്യൂസ്റ്റൺ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും, പുഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഭരണഘടനാ പദവിയിലിരിക്കാൻ യോഗ്യനല്ലെന്നും രാജിവെച്ചൊഴിയണമെന്നും കെഎച്ച്എൻഎ പ്രസിഡന്റ് ജി.കെ പിള്ള. ജനങ്ങളിൽ ആരോടും പ്രീതിയോ ഭീതിയോ കൂടാതെ പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത ഷംസീറിൽ ഹിന്ദുക്കൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന് ആ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് അനുചിതമാണെന്നും കേരളത്തിലെ നിയമസഭാ സാമാജികർ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ചാനൽ ചർച്ചകളിൽ ഇസ്ലാം മതത്തെയും ഖുറാനെയും വാനോളം പുകഴ്‌ത്തി സംസാരിക്കുന്ന ഷംസീറിന് ഹിന്ദു ദേവന്മാരെയും വിശ്വാസത്തെയും അപമാനിക്കാൻ എന്തധികാരമെന്ന് കെഎച്എൻഎ ജനറൽ സെക്രട്ടറി സുരേഷ് നായർ മിനിസോട്ട ചോദിച്ചു. കേരളത്തിൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാർ ഹൈന്ദവർക്കെതിരെയും ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയും പ്രവർത്തിക്കുന്നത് തുടരാനാണ് ഭാവമെങ്കിൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ നോക്കിനിൽക്കില്ലെന്നും സുരേഷ് നായർ കൂട്ടിച്ചേർത്തു.
പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികൾ ഇരുന്നിട്ടുള്ള സ്പീക്കർ കസേരയിൽ ഷംസീറിനെ പോലെയുള്ള അല്പബുദ്ധികളെ പ്രതിഷ്ഠിച്ചത് വഴി കമ്യൂണിസത്തിന്റെ കുഴിതോണ്ടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും പാർട്ടിയിൽ ആർജ്ജവമുള്ള നേതാക്കൾ ഇത്തരക്കാരെ നിലയ്‌ക്കുനിർത്താൻ മുന്നോട്ടുവരുമെന്നാണ് തങ്ങളുടെ വിശ്വാസം എന്നും കെഎച്എൻഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലാണ് ഷംസീർ വിവാദ പ്രസ്താവന നടത്തിയതെന്നും യോഗത്തിൽ പങ്കെടുത്ത കുരുന്നുകളുടെ മാനസിക വികാരം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഷംസീറിനെതിരെ നടപടിയ്‌ക്കായി ആവശ്യപ്പെടുമെന്നും കെഎച്എൻഎ നേതാക്കൾ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
















Comments