ചില ചെടികളും പൂക്കളും നിങ്ങളെ കൊല്ലുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? കാണാൻ വളരെ മനേഹരമായ പല പൂക്കളിലും മാരകമായ വിഷങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. അവ കൈകാര്യം ചെയ്യുന്നത് ശ്രദ്ധച്ചില്ലെങ്കിൽ ഗുരുതരമായി തന്നെ മനുഷ്യനെ ബാധിക്കും. കാണാൻ ഭംഗിയുണ്ടെന്ന് കരുതി തൊടാനായി പോയാൽ ദോഷം വന്ന് ഭവിയ്‌ക്കുന്നത് നമുക്ക് തന്നെയായിരിക്കും. അത്തരം ചെടികളാണിവ..
അക്കോണിറ്റം

അതി മനോഹരമായ ഇളം വയിലറ്റ് നിറത്തിലുള്ള പൂക്കളാണ് അക്കോണിറ്റം. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്നതോ മനുഷ്യനെ തന്നെ കൊല്ലാൻ കഴിവുള്ള മാരക വിഷം. വിഷങ്ങളുടെ രാജ്ഞി എന്നാണ് അക്കോണിറ്റം അറിയപ്പെടുന്നത്. ഈ പൂക്കളിൽ നിന്ന് വിഷം മനുഷ്യശരീരത്തിലേക്ക് ഏറ്റു കഴിഞ്ഞാൽ ആറ് മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.
ലാബർണം

ഒറ്റ നോട്ടത്തിൽ കണിക്കൊന്നയോട് രൂപ സാദൃശ്യമുള്ള പൂക്കളാണിവ. മഞ്ഞ നിറത്തിലുള്ള പൂക്കൾ ആരെയും ആകർഷിക്കും. വളരെ സുഗന്ധമുള്ള പൂക്കളാണ് ലാബർണം. എന്നാൽ ഈ ചെടിയുടെ വിത്ത് മുതൽ എല്ലാ ഭാഗങ്ങളും വിഷാംശമുള്ളവയാണ്.
നെറിയം ഒലിയാൻഡർ

അപകടം പതിഞ്ഞിയിരിക്കുന്ന മറ്റൊരിനം പൂക്കളാണ് നെറിയം ഒലിയാൻഡർ. ഒരു ഇല മാത്രം മതി മനുഷ്യനെ കൊല്ലാൻ. വിഷം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ഇവയുടെ ഇലയിലാണ്. ഇല കഴിച്ച് ഒരുപാട് പേർ മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
പോയ്‌സൺ ഹെംലോക്ക്

വളരെയധികം വിഷമുള്ള ചെടിയാണ് പോയ്‌സൺ ഹെംലോക്ക്. ചെറിയ വെള്ള നിറത്തിൽ ബൊക്ക പോലെയാണ് പൂക്കൾ കാണപ്പെടുന്നത്. മഞ്ഞുത്തുള്ളികൾ പോലെ ചെറിയ പൂക്കളാണ് ഇവയ്‌ക്കുള്ളത്. മാരകമായ വിഷാംശമാണ് ഇവയിൽ അടിങ്ങിയിരിക്കുന്നത്.
മഞ്ചിനീൽ മരം

ലോകത്തിലെ ഏറ്റവും അപകടകരമായ മരങ്ങളിൽ ഒന്നാണിത്. വൃക്ഷത്തിന്റെ എല്ലാ ഭാഗത്തും വിഷം അടങ്ങിയിട്ടുണ്ട്. മരം കാണാൻ സുന്ദരമാണെങ്കിലും അടുത്ത് പോയി നിൽക്കുന്നത് പോലും അപകടകരമാണ്. മഴക്കാലത്ത് ഈ മരത്തിന്റെ ചുവട്ടിൽ പോയി നിൽക്കാൻ പാടില്ല. മഴത്തുള്ളികൾ വൃക്ഷത്തിന്റെ കറയുമായി കലരുന്നു. ഇത് ശരീരത്തിൽ പറ്റിയാൽ ചർമ്മം ചൊറിയാൻ തുടങ്ങുകയും പതിയെ അത് വ്രണമായി മാറുകയും ചെയ്യുന്നു.
വൈറ്റ് സ്‌നേക്ക് റൂട്ട്

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പാമ്പിന്റെ വിഷത്തിന് തുല്യമാണ് ചെടിയുടെ വിഷം. വൈറ്റ് സ്‌നേക്ക് റൂട്ട് ചെടികളിൽ ട്രെമെറ്റോൾ എന്ന വിഷവസ്തുവാണ് അടങ്ങിയിട്ടുള്ളത്. ഇത് കന്നുകാലികൾ കഴിയ്‌ക്കുന്നതും അപകടമാണ്. വെള്ള നിറത്തിൽ ചെറിയ പൂക്കളായാണ് വൈറ്റ് സ്‌നേക്ക് റൂട്ട് നിൽക്കുന്നത്. ഈ ചെടികളെ ആഹാരമാക്കുന്ന കന്നുകാലികളുടെ പാലോ മാംസമോ ഭക്ഷിച്ചാൽ മനുഷ്യർക്കും ഇത് അപകടമാണ്.
റോഡോഡെൻഡ്രോൺ

കടുത്ത പിങ്ക് നിറത്തിൽ നിൽക്കുന്ന റോഡോഡെൻഡ്രോൺ പൂക്കൾ ഒറ്റ നോട്ടത്തിൽ തന്നെ കാഴ്ചക്കാർക്ക് വളരെ ആകർഷകമാണ്. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ദോഷം ചെയ്യും. കന്നുകാലികൾക്കും തേനീച്ചകൾക്കും പക്ഷികൾക്കുമെല്ലാം ഇത് അപകടമായി ഭവിയ്‌ക്കും. ഗ്രയാനോടോക്‌സിൻ എന്ന വിഷവസ്തുവാണ് ഈ പൂക്കളിൽ അടങ്ങിയിരിക്കുന്നത്. ഇവയിൽ നിന്ന് പരാഗണം നടത്തുന്ന തേനീച്ചകളുടെ തേൻ കഴിച്ചാൽ മനുഷ്യരും രോഗബാധിതരാകും.
















Comments