ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകൾ വളരെ വേഗത്തിലാണ് ട്രെയിൻ യാത്രക്കാരുടെ പ്രിയസർവീസായി മാറിയിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തുന്നു എന്നതിൽ ഉപരി മെച്ചപ്പെട്ട സീറ്റിംഗ്, ഭക്ഷണം, വൃത്തി എന്നിവയെല്ലാം വന്ദേഭാരതിനെ ജനപ്രിയമാക്കി മാറ്റുന്നതിന് കാരണമായി. ഒരോ പുതിയ സർവീസ് ആരംഭിക്കുന്നതിന് മുമ്പും പുതിയ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ റെയിൽവേ ശ്രദ്ധിക്കാറുണ്ട്. സീറ്റിംഗിന്റെ കാര്യത്തിൽ ചെയർ കാറുകളിൽ ഉള്ള വന്ദേഭാരതിന് സ്ലീപ്പർ കോച്ചുകൾ വരുന്നുവെന്ന വാർത്തകളും മുമ്പ് പുറത്തുവന്നിരുന്നു. ഇന്റഗ്രൽ കോച്ച് ഫാക്ടറി ഇതിന് വേണ്ടിയുള്ള പരിശ്രമത്തിൽ ആണെന്നും വന്ദേഭാരതിൽ അടുത്ത വർഷത്തോടെ സ്ലീപ്പർ കോച്ചുകൾ ഒരുങ്ങുമെന്നുമായിരുന്നു പുറത്തു വന്ന റിപ്പോർട്ട്. അതേസമയം മൊത്തത്തിലൊരു മാറ്റത്തിനുള്ള ഒരുക്കത്തിലാണ് വന്ദേഭാരത്.
ഉയർന്ന സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി 25 മാറ്റങ്ങളാണ് വരുത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിക്കവെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വന്ദേഭാരത് ട്രെയിനുകൾക്ക് 25 മാറ്റങ്ങൾ വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വന്ദേഭാരത് എക്‌സ്പ്രസ്: മാറ്റങ്ങൾ ഇവയൊക്കെ
- യാത്രക്കാർക്ക് കൂടുതൽ സൗകര്യത്തിനായി നന്നായി ചെരിയുവാൻ സാധിക്കുന്ന സീറ്റുകൾ, ഇത് യാത്ര കൂടുതൽ സുഖകരമാക്കും
- സീറ്റിൽ മികച്ച കുഷ്യനുകൾ
- വെള്ളം തെറിക്കുന്നത് ഒഴിവാക്കുവാൻ ലാവറ്ററികളിൽ കൂടുതൽ ആഴമുള്ള വാഷ് ബേസിനുകൾ
- സീറ്റിനടിയിൽ ബാറ്ററി ചാർജ് ചെയ്യാൻ മെച്ചപ്പെട്ട സൗകര്യം
- എക്‌സിക്യൂട്ടീവ് ചെയർ കാറിനെ സീറ്റ്
- കവറിന്റെ നിറം ചുവപ്പിൽ നിന്നും നീലയാക്കി മാറ്റും.
- എക്‌സിക്യൂട്ടീവ് ചെയർ കാറിൽ ദീർഘിപ്പിച്ച ഫൂട് റെസ്റ്റുകൾ.
- വീൽച്ചെയറുകൾക്കായി പ്രത്യേകം പോയിൻറുകൾ
- ശുചിമുറികളിൽ മികച്ച ലൈറ്റിംഗ് സംവിധാനം
- മികച്ച റോളർ ബ്ലൈൻഡ് തുണികൾ
- ശൗചാലയങ്ങളിലും ബേസിനുകളിലും മികച്ച രീതിയിലുള്ള നീരൊഴുക്ക്
- ശുചിമുറിയിൽ കൈപ്പിടികൾ
- എക്‌സിക്യൂട്ടീവ് ചെയർ കാറിൽ മാഗസിൻ ബാഗുകൾ
- അടിയന്തര ഘട്ടങ്ങളില് ഉപയോഗിക്കുന്നതിനായി എളുപ്പത്തിൽ എടുക്കുവാൻ ഹാമ്മർ ബോക്‌സ്
- അടിയന്തര സാഹചര്യത്തിൽ ട്രെയിൻ ഡ്രൈവറുമായി മികച്ച കണക്റ്റിവിറ്റിക്കായി എമർജൻസി ടോക്ക്ബാക്ക് യൂണിറ്റ്(talk back unit)
- മെച്ചപ്പെട്ട അഗ്‌നിശമന സംവിധാനം
- ലഗേജ് റാക്ക് ലൈറ്റുകൾക്ക് സുഗമമായ നിയന്ത്രണങ്ങൾ
- മെച്ചപ്പെട്ട എയർ കണ്ടീഷനിംഗ്.
- ദിവ്യഞ്ജൻ യാത്രികരുടെ വീൽച്ചെയറുകൾക്കായി പ്രത്യേക സുരക്ഷയുള്ള പോയിന്റിംഗ് നൽകൽ
- മികച്ച രീതിയിൽ ജലം നിയന്ത്രിക്കുന്നതിനായി വാട്ടർ ടാപ്പ് എയറേറ്റർ
അതേ സമയം രാജ്യത്ത് 25 റൂട്ടുകളിലായി 50 സർവീസുകളാണ് വന്ദേ ഭാരതിനുള്ളത്. 2019 ഫെബ്രുവരി 18നാണ് ന്യൂ ഡൽഹി- വാരണാസി റൂട്ടിൽ ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ചത്. 2023 ഏപ്രിൽ 25 നാണ് കേരളത്തിലെ പതിനഞ്ചാമത്തെ വന്ദേ ഭാരത് സർവീസായി തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരത് എക്‌സ്പ്രസ് വന്നത്.
Comments