തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ ഈ മാസം മുപ്പത്തിനകം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ തീരുമാനിച്ച് വിശ്വഹിന്ദു പരിഷത്. പാലക്കാട് നോർത്ത് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ ദിവസം പരാതി നൽകി.
ഇത് കൂടാതെ, ഷംസീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യും. സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്ത് നിന്നും പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഉണ്ടായിരിക്കുന്നതെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ പറഞ്ഞു.
സ്പീക്കറുടെ പ്രസ്താവനയ്‌ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എ എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ചയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു സ്പീക്കറുടെ പ്രസംഗം. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ കടയിരുപ്പ് ഗവൺമെന്റ് സ്‌കൂളിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസ്താവന. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ഷംസീർ പറഞ്ഞു.
Comments