ആയുർവേദത്തിലും ഹൈന്ദവ വിശ്വാസങ്ങളിലും വളരെ പ്രാധാന്യം കൽപ്പിച്ചു പോരുന്ന 10 ചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് പറയുന്നത്. കേരളത്തിൽ എല്ലായിടത്തും ഈ ചെടികൾ കണ്ടുവരുന്നു. വിഷ്ണുക്രാന്തി, കറുക, മുയൽച്ചെവിയൻ, തിരുനാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാൻകുറുന്നില, മുക്കുറ്റി, ഉഴിഞ്ഞ, ഇവയാണ് ദശപുഷ്പ ഗണത്തിൽ പെടുന്ന ചെടികൾ.
ദൈവാംശം ഉള്ളത് എന്ന് സങ്കൽപ്പിച്ചു പോരുന്ന 10 ഔഷധസസ്യങ്ങൾ കൂടിയാണ് ഇവ.കർക്കിടകത്തിൽ ശീപോതി ഒരുക്കലിനും ധനുമാസത്തിൽ തിരുവാതിരയ്‌ക്ക് തലയിൽ ചൂടുവാനും മറ്റു ചില ഹൈന്ദവ അനുഷ്ഠാനങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ജ്യോതിഷ ശാസ്ത്രത്തിൽ ദശപുഷ്പങ്ങൾ ധരിച്ചാൽ ഉണ്ടാകുന്ന ഫലങ്ങളും അതിനെ പ്രതിനിധീകരിക്കുന്ന ദേവതകളെയും വിശദീകരിക്കുന്നുണ്ട്.
ധനുമാസ തിരുവാതിര; വ്രതം, ജപം, ആചാരം, അറിയേണ്ടതെല്ലാം……
വിഷ്ണുക്രാന്തി – ശ്രീകൃഷ്ണൻ, കറുക – ആദിത്യൻ, മുയൽച്ചെവിയൻ – കാമദേവൻ, തിരുതാളി – മഹാലക്ഷ്മി, ചെറൂള – യമദേവൻ, നിലപ്പന – ഭൂമിദേവി, കയ്യോന്നി – ശിവൻ, പൂവാംകുറുന്നില – ബ്രഹ്മാവ്, മുക്കുറ്റി – പാർവതി, ഉഴിഞ്ഞ – ഇന്ദ്രൻ എന്നിവരാണ് ദശപുഷ്പങ്ങളെ പ്രതിനിധീകരിക്കുന്ന ദേവതകൾ
വിഷ്ണുക്രാന്തി ധരിച്ചാൽ വിഷ്ണു വരപ്രാപ്തി, കറുക ധരിച്ചാൽ ആധിവ്യാധിനാശം,മുയൽച്ചെവിയൻ ധരിച്ചാൽ സൗന്ദര്യം. തിരുനാളി ധരിച്ചാൽ ഐശ്വര്യം, ചെറൂള ധരിച്ചാൽ ആയുസ്, നിലപ്പന ധരിച്ചാൽ വിവേകവും സദ്ഗുണവും, കയ്യോന്നി ധരിച്ചാൽ പഞ്ചവാത ശാന്തിയും, പൂവാംകുറുന്നില ധരിച്ചാൽ ദാരിദ്ര്യശാന്തിയും, മുക്കൂറ്റി ഭർതൃസൗഖ്യം, ഉഴിഞ്ഞ ധരിച്ചാൽ അഭീഷ്ട സിദ്ധി എന്നീ ഫലങ്ങൾ ഉണ്ടാകുമെന്ന് ജ്യോതിഷം പറയുന്നു.
രുചിയേറും തിരുവാതിരപ്പുഴുക്ക്; എട്ടങ്ങാടിയുടെ ഔഷധ മൂല്യങ്ങൾ അറിയാം.
വായിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
രുചിയേറും തിരുവാതിരപ്പുഴുക്ക്; എട്ടങ്ങാടിയുടെ ഔഷധ മൂല്യങ്ങൾ അറിയാം
കർക്കിടക ചികിത്സയിലെ കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാൻ ആവാത്ത ഘടകമാണ്. ദശപുഷ്പങ്ങളിൽ ചിലത് അരച്ച് കർക്കിടക കഞ്ഞിയിൽ കൂട്ടാറുണ്ട്. സ്ത്രീകൾ ദശപുഷ്പം അരച്ച് തിലകം ചാർത്തുകയും മുടിയിൽ ചൂടുകയും ചെയ്യാറുണ്ട്. കർക്കിടക മാസത്തിൽ രാവിലെ എഴുന്നേറ്റ് കുളിച്ച് ദശപുഷ്പങ്ങൾ ചൂടി അഷ്ടമംഗല്യം ഒരുക്കി വിളക്കുകൊളുത്തി പ്രാർത്ഥിക്കുന്നത് ഐശ്വര്യം വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം.
വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ ശരീരബലം കുറയുകയും അതുവഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി വീണ്ടെടുക്കാൻ കർക്കിടക ചികിത്സക്ക് സാധിക്കും എന്നതാണ് വിശ്വാസം.ദശപുഷ്പം അരച്ച് കലക്കി കുടകപ്പാലയുടെ ഇലയിൽ കുമ്പിളിൽ ആക്കി കുടിക്കുക എന്നത് കർക്കിടക ചികിത്സയിൽ ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ്.. ഇതിൽ നിന്നെല്ലാം ദശപുഷ്പങ്ങളുടെ മാഹാത്മ്യം ആണ് നമുക്ക് മനസ്സിലാകുന്നത്.
ഹൈന്ദവ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരനാളിൽ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവിൽ കുളിക്കുന്നതിനു മുൻപ് ദശപുഷ്പം ചൂടുന്നു. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിരവ്രതകാലത്ത് ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നതു്.
ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 88913 99119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.
യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/
Comments