ആറന്മുള കണ്ണാടിയുടെ ചരിത്രവും പ്രാധാന്യവും എന്നും ചരിത്രത്തിന്റെ ഏടുകളിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ്. സ്വദേശികളും വിദേശികളും ആറന്മുളയിലെത്തി പ്രാധാന്യത്തെ കുറിച്ച് അറിയാറുണ്ട്. അത്തരത്തിൽ ആറന്മുള കണ്ണാടിയുടെ ചരിത്രവും പ്രാധാന്യവും ചിത്രീകരിക്കുന്നതിനായി എത്തിയിരിക്കുകയാണ് കൊറിയയിൽ നിന്നും ഒരു സംഘം. ഇവർ ഇന്ത്യയിൽ ചിത്രീകരിക്കണമെന്ന് പദ്ധതിയിട്ടിരുന്ന രണ്ട് പ്രദേശങ്ങളിൽ ഒന്നാണ് ആറന്മുള.
ഏഷ്യയിലെ പ്രധാന പരമ്പരാഗത കരവിരുതുകളെ ചിത്രീകരിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ആറന്മുളയിലെ പി ഗോപകുമാറിന്റെ അദിതി ഹാൻഡിക്രാഫ്ട് സെന്ററിൽ വെച്ചായിരുന്നു ചിത്രീകരണം നടന്നത്. ഒരു വർഷം മുമ്പ് പാലക്കാട് അലനല്ലൂർ സ്വദേശിയായ ജെ പ്രസാദ് ആറന്മുള കണ്ണാടിയെ സംബന്ധിച്ച് നാലര മണിക്കൂറുകളോളം നീളുന്ന ഒരു ഡോക്യുമെന്ററി തയാറാക്കിയിരുന്നു. ഈ ഡോക്യുമെന്ററിയുടെ പ്രസക്തഭാഗങ്ങൾ കണ്ടതോടെയാണ് കൊറിയൻ സംഘം ആറന്മുളയിലെത്തിയത്. പ്രസാദിന്റെ കൊറിയൻ സ്വദേശിയായ ഭാര്യ കഥകളി കലാകാരിയാണ്.
മിറാജിലെ സിത്താർ നിർമ്മാതാക്കളെ കുറിച്ചാണ്ആ റന്മുളയ്‌ക്ക് പുറമെ ഇന്ത്യയിൽ നിന്നും ചിത്രീകരണത്തിനായി കൊറിയൻ സംഘം തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രീകരണത്തിനായി ഇവിടെ എത്തിയ സംഘം ഒരാഴ്ചയോളം ഇവിടെ തങ്ങിയായിരുന്നു ലോഹക്കണ്ണാടിയുടെ പിന്നിലെ കരവിരുത് പകർത്തിയത്. ലീ ചോങ് ഹോയാണ് ഇതിന്റെ സംവിധായകൻ.
Comments