ഫ്‌ലോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ അർജന്റൈൻ ഫുട്‌ബോൾ ഇതിഹാസം മെസിയുടെ ഗോൾവേട്ട തുടരുന്നു. ഇന്റർ മിയാമിക്കായി തന്റെ രണ്ടാമത്തെ മത്സരത്തിലും ഗോൾ കണ്ടെത്തിയിരിക്കുകയാണ് താരം. അറ്റ്ലാൻറ യുണൈറ്റഡിന് എതിരെ ഇരട്ട ഗോൾ നേടിയ മെസി ഒരു അസിസ്റ്റും തന്റെ പേരിലാക്കി. ഇതോടെ 4-0 ത്തിന് അറ്റ്‌ലാൻഡയെ പരാജയപ്പെടുത്തി ഇന്റർ മിയാമി നോക്കൗട്ട് റൗണ്ടിലെത്തി.
ഇന്റർ മിയാമിക്കായി മെസിയെ കൂടാതെ റോബർട്ട് ടെയ്ലറും രണ്ട് ഗോളുകൾ സ്വന്തമാക്കി. മിയാമിയിൽ എത്തിയ ശേഷം തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മെസി വലകുലുക്കിയത്. അറ്റ്ലാന്റ യുണൈറ്റഡിനായി മെസി ഇരട്ട ഗോളും റോബർട്ട് ടെയ്ലർ ഒരു ഗോളും നേടിയതോടെ ഇന്റർ മിയാമി ആദ്യപകുതിയിൽ തന്നെ 3-0ന് മുന്നിലെത്തി. ഇന്റർ മിയാമിക്കായി 8,22 മിനിറ്റുകളിലാണ് ഫുട്‌ബോൾ ഇതിഹാസം ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ 44-ാം മിനിറ്റിൽ ടെയ്‌ലറും ലക്ഷ്യം കണ്ടു. മിയാമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ആദ്യ പകുതിയിൽ മൂന്ന് ഗോളിന് ടീം മുന്നിലെത്തിത്.
രണ്ടാംപകുതി ആരംഭിച്ച് 53-ാം മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിന് ശേഷം മെസിയുടെ പാസിൽ നിന്ന് ടെയ്ലർ ഗോൾ നേടിയതോടെ ഇന്റർ മിയാമി വിജയം പൂർത്തിയാക്കി. മത്സരത്തിൽ മെസിക്കും ടെയ്ലർക്കും തങ്ങളുടെ പേരിൽ ഇരട്ട ഗോളും ഓരോ അസിസ്റ്റുമുണ്ട്. അരങ്ങേറ്റ മത്സരത്തിൽ ക്രൂസ് അസൂലിനെതിരെ മെസി 94-ാം മിനുറ്റിൽ മഴവിൽ ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു. പിഎസ്ജി വിട്ട് മിയാമിയിലെത്തിയ ശേഷം രണ്ട് കളിയിൽ നിന്ന് മൂന്ന് ഗോളുകളാണ് താരം അക്കൗണ്ടിൽ ചേർത്തത്.
















Comments