തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ കേസെടുത്ത സംഭവം അറിഞ്ഞപ്പോൾ തനിക്ക് ആദ്യം ചിരിയാണ് വന്നതെന്ന് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിൽ മൈക്ക് തടസപ്പെട്ടതിന് കന്റോൺമെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്.
“സാങ്കേതിക പ്രശ്‌നം മാത്രമാണ് മൈക്കിനുണ്ടായിരുന്നത്. മൈക്കിന്റെ വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത്. സെക്കൻഡിനുള്ളിൽ പ്രശ്‌നം പരിഹരിച്ചിരുന്നു. പതിനേഴ് വർഷമായി ഈ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ട്. പ്രധാനമന്ത്രി ഉൾപ്പടെയുളളവർക്ക് വേണ്ടി മൈക്ക് സൈറ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവം ആദ്യമാണ്” രഞ്ജിത്ത് കൂട്ടിച്ചേർത്തു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രഞ്ജിത്തിന്റെ മൈക്കും ആംപ്ലിഫയറും വയറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ എഫ്‌ഐആറിട്ടിരക്കുകയാണ് പോലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാൽ എഫ്‌ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു.
അയ്യൻകാളി ഹാളിൽ കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന് ഇടക്ക് സാങ്കേതിക തകരാർ ഉണ്ടായിരുന്നു. മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന രീതിയിലായിരുന്നു കോൺഗ്രസ് സമീപനമെന്നായിരുന്നും ഒരുവിഭാഗം സിപിഎം നേതാക്കളുടെ കുറ്റപ്പെടുത്തൽ.
















Comments