തിരുവനന്തപുരം: അനേർട്ടിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ വീണ്ടും പിൻവാതിൽ നിയമനവും പുനർനിയമനവും. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഏഴുപേരെ രണ്ട് ദിവസത്തേയ്‌ക്ക് പിരിച്ചുവിട്ട ശേഷം ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയ പട്ടിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് വാങ്ങിയാണ് പുനർനിയമനത്തിന് വഴിയൊരുക്കിയത്. ഇങ്ങന നിയമനം ലഭിച്ചവർക്ക് ഉയർന്ന ശമ്പളമാണ് ലഭിക്കുക. അനേർട്ട് തന്നെ നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് വീണ്ടും പിൻവാതിൽ നിയമനത്തിനായി പരിഗണിച്ചത്. അനധികൃതമായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ പിരിച്ചുവിടണമെന്ന ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ ഉത്തരവ് പോലും കാറ്റിൽ പറത്തിയാണ് നിയമനം.
2018ൽ കരാർ അടിസ്ഥാനത്തിലാണ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് അനേർട്ടിൽ 13 പേരെ ഒരുവർഷത്തേയ്‌ക്ക് നിയമിച്ചത്. എംപ്ലോയ്‌മെന്റ് ഉദ്യോഗസ്ഥർ 2018 പരിശോധനനടത്തി സിഎംഡി നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി എടുത്തില്ല. ജോലിക്കായി വർഷങ്ങളോളം കാത്തിരിക്കുന്നവരുടെ അവസരവും സംവരണവും അട്ടിമറിച്ചായിരുന്നു ഈ നിയമനങ്ങൾ.
2020 ജൂണിൽ അനേർട്ടിൽ പരിശോധന നടത്തി, അനധികൃത നിയമനങ്ങൾ റദ്ദാക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും എംപ്ലോയ്‌മെന്റ് ഓഫീസർ പറഞ്ഞു. എന്നാൽ ഇതിനെ വകവെയ്‌ക്കാൻ അനേർട്ട് തയ്യാറായില്ല. എന്നാൽ ഹൈക്കോടതിയിൽ ഈ പിൻവാതിൽ നിയമനങ്ങൾ 2021 ജൂണിൽ ചോദ്യം ചെയ്യപ്പെട്ടു. ഡിസംബറിൽ പരിശോധന നടത്തിയപ്പോൾ അനേർട്ട് പിരിച്ചുവിടാൻ നിർദ്ദേശിച്ചവരുടെ ഹാജർബുക്ക് മാറ്റിവച്ച് ജീവനക്കാരുടേത് നൽകി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ കബളിപ്പിച്ചു.
ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ 2018ൽ ഏഴ് കരാർ ജീവനക്കാർക്ക് നിയമനം പുതുക്കി നൽകി. 2022ൽ ഇവർക്ക് ശമ്പളവർദ്ധനയും നടപ്പിലാക്കി. പിൻവാതിൽ നിയമനത്തേ കുറിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഊർജ്ജ പ്രിൻസിപ്പൽ സെക്രട്ടറിയ്‌ക്ക് നിർദ്ദേശം നൽകിയെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി മറുപടി നൽകിയത്.ഇതിനുശേഷമാണ് ശമ്പളവർദ്ധനയോടെ കരാർ നിയമനം നീട്ടിനൽകിയത്. ഇതിൽ ഏഴിൽ അഞ്ചുപേർക്കും 2018 മുതലുളള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും അനേർട്ട് നൽകി.
Comments