ന്യൂഡൽഹി: അഹമ്മദീയകൾ (ഖാദിയാനികൾ) യഥാർത്ഥ മുസ്ലീങ്ങളല്ലെന്ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്. ഈ വിഭാഗക്കാരെ മുസ്ലീങ്ങളായി പരിഗണിക്കാൻ സാധിക്കില്ലെന്ന ആന്ധ്രാപ്രദേശ് വഖഫ് ബോർഡിന്റെ പ്രമേയത്തെ പിന്തുണച്ചാണ് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദിന്റെ പ്രമേയം. ഖാദിയാനി സമൂഹം കാഫിറുകളാണ്, അവർ അമുസ്ലീങ്ങളാണ് എന്നാണ് വഖഫ് ബോർഡിന്റെ പ്രമേയത്തിൽ പറയുന്നത്.
എന്നാൽ ഇത്തരം പ്രമേയം പാസ്സാക്കിയ ആന്ധ്രാപ്രദേശ് വഖഫ് ബോർഡിന്റെ നടപടിക്കെതിരെ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം മുന്നോട്ട് വന്നു. മുസ്ലീം സമുദായത്തിലെ ന്യൂനപക്ഷ വിഭാഗമായ അഹമ്മദീയകൾക്ക് എതിരായ പ്രമേയത്തെ ശക്തമായ ഭാഷയിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അപലപിച്ചത്. ഇത്തരം പ്രമേയം പാസാക്കാൻ ആരാണ് വഖഫിന് അധികാരം നൽകിയതെന്ന് വിശദമാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. അഹമ്മദീയ മുസ്ലീം സമുദായത്തിന്റെ മതപരമായ അവകാശങ്ങളെ പോദ്യം ചെയ്യാൻ വഖഫിനെന്നല്ല ഒരുസ്ഥാപനത്തിനും അധികാരമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി
. 2012-ലാണ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് വഖഫ് ബോർഡ് അഹമ്മദീയ സമുദായത്തെ മുഴുവൻ മുസ്ലീങ്ങളല്ലെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ആദ്യമായി പാസാക്കിയത്. ഇതിനെതിരെ ഈ വിഭാഗക്കാർ ഹൈക്കോടതിയെയും ന്യൂനപക്ഷ മന്ത്രാലയത്തെയും സമീപിച്ചിരുന്നു. തുടർന്ന് കോടതി പ്രമേയം റദ്ദാക്കാൻ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി മുൻ ഉത്തരവുകൾ അവഗണിച്ചാണ് ആന്ധ്രാപ്രദേശ് വഖഫ് വീണ്ടും പ്രമേയം പാസാക്കിയത്. ഇത്തരമൊരു പ്രമേയം പാസ്സാക്കാനുള്ള വഖഫ് ബോർഡിന്റെ അധികാരത്തെ ചോദ്യം ചെയ്ത കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, 1995ലെ വഖഫ് നിയമമാണ് ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണത്തിനും നടത്തിപ്പിനുമുള്ള പ്രാഥമിക നിയമനിർമ്മാണമെന്നും മറ്റ് പ്രഖ്യാപനങ്ങൾ നടത്താൻ സംസ്ഥാന വഖഫ് ബോർഡുകൾക്ക് ഇത് അധികാരം നൽകുന്നില്ലെന്നും വ്യക്തമാക്കി.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യയിൽ രൂപം കൊണ്ട ഒരു മുസ്ലീം മതവിഭാദമാണ് അഹമ്മദീയ പ്രസ്ഥാനം. 1889 -ൽ പഞ്ചാബിലെ ഖാദിയാൻ ഗ്രാമത്തിൽ ഖാദിയാൻ നിവാസിയായ മിർസ ഗുലാം അഹമദാണ് അഹമദിയ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. മുഹമ്മദിനെ അന്ത്യപ്രവാചകനായി അംഗീകരിക്കാത്തതിനാൽ മുസ്ലിം വിഭാഗങ്ങൾ ഇവരെ മുസ്ലീംമായി അംഗീകരിച്ചിട്ടില്ല.
















Comments