ഒരമ്മയ്‌ക്ക് മക്കൾ എന്നും കുഞ്ഞുങ്ങളാണ് . ഈ ലോകത്തിന്റെ ഏത് കോണിൽ ഏത് നിലയിൽ അവർ ജീവിച്ചാലും അമ്മയുടെ കണ്ണുകളിൽ അവർക്ക് എന്നും കുട്ടിത്തമാണ് . മണ്മറഞ്ഞ് പോയ മകന്റെ ഓർമ്മയിൽ ജീവിക്കുന്ന ഇന്നും ജീവിക്കുന്ന അമ്മയാണ് മഹീന്ദർ കൗർ . ഇന്ത്യയുടെ വിജയത്തിനായി കാർഗിൽ യുദ്ധത്തിൽ തന്റെ ജീവൻ ബലിയർപ്പിച്ച ധീരസൈനികൻ രാജേഷ്കുമാറിന്റെ അമ്മ .
പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തൽവാര ബ്ലോക്കിലെ റായ്പൂർ ഗ്രാമവാസിയായിരുന്നു രാജേഷ് കുമാർ . രാജ്യസേവനം രാജേഷ് കുമാറിന് ജീവനിൽ അലിഞ്ഞ് ചേർന്ന വികാരമായിരുന്നു . രാജ്യത്തെ സേവിക്കുന്നതിനായി 1995 ൽ ഇന്ത്യൻ സൈന്യത്തിൽ 16 ഡോഗ്ര റെജിമെന്റിൽ നിയമിതനായി. 4 വർഷത്തെ സൈനിക ജീവിതം . ഇതിനിടെയാണ് രാജേഷ് കാർഗിൽ യുദ്ധത്തിൽ അണിനിരന്നത് . സ്വന്തം രാജ്യത്തിന്റെ വിജയത്തിനായി രാജേഷ് തന്റെ ജീവൻ സമർപ്പിച്ചു. രാജേഷിന്റെ അമ്മ മഹീന്ദർ കൗർ ഇപ്പോഴും തന്റെ മകൻ ജീവിച്ചിരിപ്പുണ്ടെന്നും തനിക്കൊപ്പമുണ്ടെന്നും വിശ്വസിച്ചാണ് ജീവിക്കുന്നത് .
എല്ലാ ദിവസവും മകന്റെ മുറിയിൽ പോയി കിടക്ക വൃത്തിയാക്കുന്നു . യൂണിഫോം, ഷൂസ്, എല്ലാം വൃത്തിയാക്കി വയ്‌ക്കുന്നു . ഇഷ്ടമുള്ള വിഭവം ഒരുക്കി മുറിയിൽ കൊണ്ടു വയ്‌ക്കുന്നു . തന്റെ കണ്ണിൽ മകൻ ജീവനോടെയുണ്ടെന്ന് തോന്നിക്കാൻ എല്ലാം ആ അമ്മ ചെയ്യുന്നുണ്ട് . രണ്ടു നേരവും പൂജിച്ച ശേഷം മകന്റെ ഫോട്ടോയിൽ അമ്മ ദിവസവും തിലകം ചാർത്തുന്നു. മകന്റെ ബലിയർപ്പണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഈ പതിവുകൾ ആരംഭിച്ചത്.
അഞ്ച് സഹോദരിമാരുടെ ഏക സഹോദരനായിരുന്നു രാജേഷ് . മാതാപിതാക്കളുടെ പൊന്നോമന മകൻ . മകന്റെ ഈ ത്യാഗം 24 വർഷങ്ങൾക്ക് ശേഷവും ഓർക്കുമ്പോൾ ഈ അമ്മയുടെ നെഞ്ച് അഭിമാനത്താൽ തുടിക്കും . അമ്മാവൻ പട്ടാളത്തിലായിരുന്നതിനാൽ പട്ടാളത്തിൽ ചേരാനായിരുന്നു രാജേഷ് ആഗ്രഹിച്ചത് . ‘ എന്നാൽ ഞങ്ങളുടെ കുടുംബം ഇതിന് തയ്യാറായില്ല. അവന്റെ പിടിവാശി സഹിക്കാനാവാതെ ഞങ്ങൾ സൈന്യത്തിൽ ചേർത്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം കാർഗിൽ യുദ്ധം ആരംഭിച്ചു.മകന്റെ യൂണിറ്റിനെയും കാർഗിലിൽ വിന്യസിച്ചു. യുദ്ധം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം രണ്ട് പട്ടാളക്കാർ ഞങ്ങളുടെ വീട്ടിൽ വന്ന് മകന്റെ അപകടത്തെക്കുറിച്ച് പറഞ്ഞു. ക്രമേണ, ഗ്രാമത്തിലെ ആളുകൾ വീട്ടിൽ ഒത്തുകൂടുന്നത് കണ്ടതോടെ ഒരു പരിധിവരെ മനസ്സിലായി എന്റെ മകൻ പോയെന്ന് . അടുത്ത ദിവസം തന്നെ മകന്റെ മൃതദേഹം ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് വീട്ടിലെത്തി. ‘ കണ്ണീരടക്കിയാണ് അമ്മ മകനെ കുറിച്ച് സംസാരിച്ചത് . ഇന്നും ഗ്രാമത്തിലെ ഓരോത്തർക്കും അഭിമാനമാണ് രാജേഷ്.
















Comments