ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ഹിറ്റ് ചിത്രമായിരുന്നു ‘ഉടൽ’. ഇന്ദ്രൻസും, ദുർഗ കൃഷ്ണയുമാണ് ചിത്രത്തിലെ മറ്റ് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2022 മെയിൽ പ്രദർശനത്തിന് എത്തിയ ചിത്രം രതീഷ് രഘുനന്ദൻ ആയിരുന്നു സംവിധാനം ചെയ്തത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ഇതുവരെയും ഒടിടിയിൽ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചിത്രം ഉടൻ ഒടിടിയിൽ വരുമെന്ന വാർത്തകൾ വന്നെങ്കിലും ഇത് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നില്ല.
ഇപ്പോഴിതാ ചിത്രം ഒടിടിയിൽ വരാത്തതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഉടൽ’ എന്ന് ഒടിടിയിൽ വരുമെന്ന ചോദ്യത്തിന് മറുപടിയായാണ് താരം വെളിപ്പെടുത്തിയത്. ‘എനിക്കറിയില്ല. സിനിമയുടെ ഡയറക്ഷൻ, പ്രൊഡക്ഷൻ ഫീൽഡിൽ ഉള്ളവർക്കെ അതറിയൂ. അവരോട് തന്നെ ഇത് ചോദിക്കേണ്ടി വരും. ഉടൽ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള പ്ലാനുകൾ അവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തൽക്കാലം ഒടിടിയിൽ ഇറക്കണ്ട എന്ന തീരുമാനത്തിൽ എത്തിയതെന്നാണ് എന്നോട് സംവിധായകൻ പറഞ്ഞത്. അതുതന്നെയാണെന്നാണ് ഞാനും വിശ്വസിക്കുന്നത്. കൂടുതൽ കാര്യങ്ങളെ പറ്റി അറിയില്ല’, എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ മറുപടി.
ഉടൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഉടലിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം നിർവഹിക്കുക. റിലീസിന് മുന്നേ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടൽ.
















Comments