തൃശൂർ: പണം വാങ്ങി ജയിലിലെ തടവുകാർക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകിയ സംഭവത്തിൽ പ്രതിയായ അസി. ജയിൽ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി. വിയ്യൂർ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എറണാകുളം കാലടി അട്ടിയാട്ടുകര അജുമോന്റെ മുൻകൂർ
ജാമ്യാപേക്ഷയാണ് തള്ളിയത്. തടവുകാർക്ക് ബീഡിയും ഹാൻസും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എത്തിച്ചു നൽകി എന്നതാണ് കേസ്. വിയ്യൂർ സെൻട്രൽ ജയിലിൽ ജൂൺ 25-ന് ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുക്കുന്നത്.
ജയിലിലെ കിച്ചൻ ബ്ലോക്കിനടുത്ത് നിന്നും സെല്ലുകൾക്ക് അടുത്ത് നിന്നുമാണ് ലഹരിവസ്തുക്കൾ കണ്ടെടുക്കുന്നത്. 12 കെട്ട് ബീഡിയും 12 ബണ്ടിൽ ഹാൻസുമാണ് ഇവിടെ നിന്നും ലഭിച്ചത്. അജുമോൻ തടവുകാരുടെ ബന്ധുക്കളിൽനിന്നും ഗൂഗിൾ പേ മുഖേനെ പണം വാങ്ങി ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്നതായിരുന്നു പതിവ്. ഇത് മറ്റൊരു അസി. സൂപ്രണ്ടായ ഡി.എസ്. രാഹുലിനെ തടവുകാർ അറിയിച്ചിരുന്നു. ഇക്കാര്യം അന്വഷിക്കണമെന്നാവശ്യപ്പെട്ട് വിയ്യൂർ ജയിൽ സൂപ്രണ്ട് വിയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ അന്വേഷണത്തെ തുടർന്ന് നിരോധിതവസ്തുക്കൾ ഉപയോഗിച്ച തടവുകാർ മാപ്പപേക്ഷ നൽകി.
അജുമോന്റെ ഗൂഗിൾ പേയുമായി ബന്ധപ്പെട്ട ബാങ്കിൽനിന്ന് തുക കൈമാറ്റം സംബന്ധിച്ച രേഖകൾ ശേഖരിച്ചു. പ്രതികളുടെ ബന്ധുക്കളും അജുമോനും നിരന്തരം ചില ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തടവുകാരുടെ ഭാര്യമാരിലൂടെ മറ്റ് രണ്ട് ഫോൺ നമ്പറുകളിലേക്ക് ഗൂഗിൾ പേ മുഖേനെ പണം നൽകിയതായി കണ്ടെത്തി. ഈ രണ്ട് നമ്പറുകളിലാണ് അസി. ജയിൽ സൂപ്രണ്ട് നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതിനെ തുടർന്നാണ് അജുമോനെ അഞ്ചാം പ്രതിയാക്കി കേസെടുത്തത്. തുടർന്ന് അജുമോൻ ഒളിവിൽ പോയിരുന്നു. ഒളിവിലിരിക്കെയാണ് ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
















Comments