കർക്കിടക മാസത്തിലെ നാലമ്പല തീർത്ഥാടനയാത്രയ്‌ക്കായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഈ കഴിഞ്ഞ ജൂലൈ 17-ന് ആരംഭിച്ച നാലമ്പല തീർത്ഥാടനം ഓഗസ്റ്റ് 16 വരെയാണ് നടക്കുക. കേരളത്തിലെ നാലമ്പലങ്ങളിൽ വളരെയധികം പ്രസിദ്ധമായിട്ടുള്ള ക്ഷേത്രങ്ങളാണ് പിറവത്തിനടുത്തുള്ള നാലമ്പലങ്ങൾ. കർക്കിടക മാസത്തിൽ നാലമ്പല ദർശനത്തിനായി നിരവധി ഭക്തരാണ് ഇവിടെയെത്താറുള്ളത്. നാല് ക്ഷേത്രങ്ങളിലുമായി ഉച്ചയ്‌ക്ക് മുമ്പ് ഒരേ ദിവസം ദർശനം നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത. എറണാകുളം ജില്ലയ്‌ക്ക് അടുത്തുള്ള പിറവത്തിന് സമീപമാണ് നാല് അമ്പലങ്ങളും സ്ഥിതിചെയ്യുന്നത്.
ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ കർക്കിടക മാസത്തിൽ സന്ദർശിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. കൂടാതെ ഒരു തവണ രാമായണ പാരായണം നടത്തുന്നതിന് സമമായാണ് നാലമ്പല ദർശനത്തെ കണക്കാക്കുന്നത്. ത്രേതായുഗത്തിൽ മനുഷ്യർക്ക് വേണ്ടി മനുഷ്യരായി അവതരിച്ച നാല് മാതൃകാ സഹോദരന്മാരെയും അവർ ജനിച്ച അതേ ക്രമത്തിൽ തന്നെ അവരവരുടെ ക്ഷേത്രങ്ങളിലെത്തി ദർശനം നടത്തുന്നതാണ് നാലമ്പല തീർത്ഥയാത്ര.
പിറവത്തെ മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ശ്രീ ഭരത സ്വാമി ക്ഷേത്രം, മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീ ശതുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ. ഈ ക്ഷേത്രത്തിൽ ക്രമത്തിൽ ദർശനം നടത്തി അവസാനം മാമ്മലശ്ശേരി ശ്രീരാമക്ഷേത്രത്തിൽ തിരികെയെത്തണം. ഇതോടെയാകും നാലമ്പല ദർശനം പൂർത്തിയാകുന്നത്. ക്ഷേത്രത്തിൽ തിരികെയെത്തി നാലമ്പലദർശ ചക്രം പൂർത്തിയാക്കും വിധമാണ് ക്ഷേത്രങ്ങളിൽ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. നാലമ്പല ദർശനം ഒരേ ദിവസം തന്നെ ഉച്ചപൂജയ്‌ക്ക് മുമ്പ് പൂർത്തിയാക്കുന്നത് ദോഷ പരിഹാരത്തിനും ഇഷ്ട സന്താനത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
മാമ്മലശ്ശേരി ക്ഷേത്രം കുടികൊള്ളുന്നത് വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും പുരാതന ക്ഷേത്രം എന്ന നിലയിലാണ്. ഐതിഹ്യവും ചരിത്രവും ഇഴ ചേർന്ന് കിടക്കുന്ന അതിപുരാതന ക്ഷേത്രമായതിനാൽ തന്നെ ഇവിടുത്തെ ഓരോന്നിനും പറയാനുണ്ടാകുക ഓരോ കഥകളാകും. ശ്രീരാമന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ തലയുയർത്തി നിൽക്കുന്ന ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടങ്കിലും ഏത് പ്രതികൂല സാഹചര്യങ്ങളെയും അതീജിവിക്കാനാകുന്ന നിർമ്മിതി തന്നെയാണ് ക്ഷേത്രത്തിന്റെ സവിശേഷത.
എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായാണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. മൂവാറ്റുപുഴ ആറിന്റെ തീരത്ത് പ്രൗഢഗംഭീരമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ തന്നെ നാലമ്പലങ്ങളിൽ രാമൻ സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായാണ് മാമ്മലശ്ശേരിയെ കണക്കാക്കുന്നത്. ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളിലേക്ക് കടക്കുകയാണെങ്കിലും രാമായണത്തിൽ വിവരിച്ചിട്ടുള്ള പല സംഭവങ്ങൾക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. സ്ഥലത്തിന്റെ പേര് മുതൽ വിശ്വാസങ്ങൾ വരെയും ഇത് തെളിവായി ഇവർ ചൂണ്ടിക്കാണിക്കുന്നു.
മാരീചനും മാതുലനുമെല്ലാം ഇവിടുത്തെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. വനവാസ കാലത്ത് ശ്രീരാമൻ ഈ പ്രദേശത്ത് ഒരു പർണ്ണശാലയിൽ താമസിച്ചിരുന്നുവെന്നാണ് ഐതിഹ്യങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. ഒരിക്കൽ സീതാപഹരണം എന്ന ലക്ഷ്യത്തിൽ രാവണന്റെ നിർദ്ദേശാനുസരണം മാതുലനായ മാരീചൻ അവരുടെ പർണ്ണശാലയ്‌ക്ക് സമീപമെത്തി. മോഹിപ്പിയ്‌ക്കുന്ന ഒരു മാനിന്റെ രൂപത്തിലായിരുന്നു മാരീചൻ ഇവിടേക്ക് എത്തിയത്. സ്വർണ നിറത്തിൽ ഭംഗിയുള്ള മാനിനെ കണ്ടതോടെ അതിനെ തനിക്ക് വേണമെന്ന് സീതാദേവി രാമനോട് ആവശ്യപ്പെട്ടു. ഇത് തന്നെയായിരുന്നു ഇവരുടെ ഉദ്ദേശ്യവും. വളരെയധികം ദൂരെ രാമനെ എത്തിച്ച് സീതയുടെ പക്കൽ നിന്നും മാറ്റി നിർത്തുവാൻ മാനിന് കഴിഞ്ഞെങ്കിലും മാൻ ആരാണെന്ന് മനസ്സിലാക്കിയ ശ്രീരാമൻ അമ്പെയ്ത് അതിനെ വീഴ്‌ത്തുകയായിരുന്നു.
മാൻ രാമനെ കബളിപ്പിച്ച് ഓടിച്ച സ്ഥലം ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് മാനാടി എന്നായിരുന്നു. രാമന്റെ അമ്പേറ്റ് മാൻ വീണ സ്ഥലത്തിന് മാൻമലച്ചേരി എന്ന് നാമം ലഭിക്കുകയും ചെയ്തു. പിന്നീട് ഇത് മാമ്മലശ്ശേരി എന്നാകുകയായിരുന്നു. മാനിന്റെ മേൽഭാഗം വീണ സ്ഥലം മേമ്മുറിയെന്നും കീഴ്ഭാഗം വീണ സ്ഥലം കീഴ്മുറിയെന്നും അറിയപ്പെട്ടു. ഈ രണ്ട് സ്ഥലങ്ങളും മാമ്മലശ്ശേരിയ്‌ക്ക് സമീപമായി ഇവിടുണ്ട്. മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമനെ ഇവിടെ ആരാധിക്കുന്നത്. ശിവൻ, ഗണപതി, അയ്യപ്പൻ തുടങ്ങിയ ദേവന്മാരും ശ്രീകോവിലിൽ ഉണ്ട്. വടക്കോട്ട് ദർശനമായി ഭദ്രകാളിയെയും കിഴക്കുമാറി പടിഞ്ഞാറോട്ട് ദർശനമായി ദുർഗ്ഗയെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ദിവസവും മൂന്ന് പൂജകളാണ് ക്ഷേത്രത്തിൽ നടക്കുക.
മേമ്മുറി ഭരതസ്വാമി ക്ഷേത്രം
നാലമ്പല ദർശന പാതയിലെ രണ്ടാമത്തെ ക്ഷേത്രമാണ് മേമ്മുറി ഭരതസ്വാമി ക്ഷേത്രം. പാമ്പാക്കുട പഞ്ചായത്തിലെ മേമ്മുറിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭരത പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മേമ്മുറി ഭരതസ്വാമി ക്ഷേത്രം. മാമ്മലശ്ശേരി ശ്രീരാമ ക്ഷേത്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെ വടക്ക് കിഴക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
രാമന്റെ വനവാസ വാർത്തയറിഞ്ഞ് അദ്ദേഹത്തെ അയോദ്ധ്യയിലേക്ക് കൊണ്ടുവരുന്നതിനായി ഭരതനും ശത്രുഘ്നനും സൈന്യസമേതമുള്ള യാത്രയ്‌ക്ക് പുറപ്പെട്ടു. എന്നാൽ യാത്രാമദ്ധ്യേ ഭരതനും ശത്രുഘ്നനനും വേർപിരിഞ്ഞു. വഴിതെറ്റി ഒറ്റപ്പെട്ട് പോയ ഭരതൻ എത്തി താമസിച്ച സ്ഥലമാണ് ഭരതപ്പിള്ളി. ഇവിടെ വസിച്ചിരുന്ന പ്രദേശവാസികൾ ഭരതനെ രാജാവായി കണക്കാക്കി. അന്ന് ഭരതൻ വഹിച്ചിരുന്ന സ്ഥലത്താണ് ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലമാണ് മേമ്മുറി എന്നാണ് വിശ്വസം. ഇതിന് പുറമേ മറ്റ് ചില ഐതിഹ്യങ്ങളും ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നതുപോലെ രാമൻ അമ്പെയ്ത് മാൻ വീണപ്പോൾ മേൽഭാഗം വീണ ഇടമാണ് പിൽക്കാലത്ത് മേമ്മുറി എന്ന് അറിയപ്പെട്ടതെന്നും വിശ്വാസമുണ്ട്.
രാജകീയ പ്രൗഢിയോടെയാണ് പടിഞ്ഞാറ് ദർശനമായി ശ്രീഭരതസ്വാമി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നത്. ഭരതക്ഷേത്രത്തിൽ അകപ്രദക്ഷിണവട്ടത്തിൽ ഗണപതിക്കൂട്ടിൽ ഗണപതി, ശിവൻ, ഹനുമാൻ മുതലായ ദേവന്മാരുടെപ്രതിഷ്ഠയും വടക്കേചുറ്റിൽ കിഴക്ക്ഭാഗത്തായി ലക്ഷ്മണസ്വാമിയും കുടികൊള്ളുന്നു. മതിൽക്കകത്ത് പടിഞ്ഞാറുഭാഗത്തായി ഭഗവതി, അയ്യപ്പൻ മുതലായ ദേവതകളുടെ പ്രതിഷ്ഠയും മീനംരാശിപത്തിലായി സർപ്പസാന്നിധ്യവുമുണ്ട്. രാവിലെയും വൈകിട്ടുമായി ക്ഷേത്രത്തിൽ മൂന്നുപൂജകളാണ് നടക്കുന്നത്. പാൽപ്പായസം, നെയ് വിളക്ക്, കദളിപ്പഴനിവേദ്യം തുടങ്ങിയ വഴിപാടുകൾ ഇവിടെ പ്രധാനമാണ്. ശ്രീരാമ സ്വാമിയുടെ ഉത്സവകാലത്ത് ഇവിടെയും ഉത്സവമാണ്.
മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം
നാലമ്പല ദർശനങ്ങളിൽ മൂന്നാമത്തേത് മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രമാണ്. ക്ഷേത്രത്തിൽ വിഗ്രഹത്തിന് പകരം തിടമ്പാണ് ശ്രീകോവിലിൽ ആരാധിക്കുന്നത്. ശ്രീരാമന്റെ സന്തത സഹചാരി സൗമിത്രി തിരുമൂഴിക്കുളത്ത് നിന്ന് ശീവേലി ബിംബത്തിൽ എഴുന്നള്ളി ശ്രീലകം പൂണ്ട തീർത്ഥസ്ഥാനമായാണ് കണക്കാക്കപ്പെടുന്നത്. ലക്ഷ്മണപ്പെരുമാളിന്റെ ശീവേലിബിംബം ഉപാസകനായിരുന്ന കരിമലക്കോട്ട് മൂസതിന്റെ ഗൃഹത്തിലാണ് അന്ന് ഇറക്കി എഴുന്നള്ളിക്കുകയുണ്ടായത്. മൂസതിന്റെ ഗൃഹം ക്ഷേത്രത്തിലെ ഇന്നത്തെ കൊട്ടാരമാണ്. മാമ്മലശ്ശേരി ക്ഷേത്രത്തിൽ നിന്ന് ഒമ്പത് കിലോമീറ്റർ ദൂരത്തിലാണ് മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ മിക്ക ലക്ഷ്മണ ക്ഷേത്രങ്ങളിലും ശ്രീകോവിലുള്ള അഷ്ടബന്ധ സമ്പ്രദായത്തിലാണ്. അതിനാൽ തന്നെ ഇവിടെ തിടമ്പ് വളരെയധികം ആരാധനാ സവിശേഷമാണ്. പ്രസിദ്ധമായ തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിലെ ദാസിയാട്ടത്തെ ചൊല്ലി ഇടപ്പള്ളി രാജാവും പറവൂർ രാജാവും തമ്മിൽ തർക്കം ഉണ്ടായത്രെ. എന്നാൽ ഇടപ്പള്ളി രാജാവ് തർക്കത്തിൽ പരാജയപ്പെടുകയുമാണ് ഉണ്ടായത്. തുടർന്ന് കോപം മൂർച്ഛിച്ച രാജാവ് തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാളിന്റെ ശിവേലി തിടമ്പ് എടുത്തു. ഇത് പിന്നീട് മുളക്കുളത്ത് ഒരു ക്ഷേത്രം നിർമ്മിച്ച് അവിടെ തിടമ്പ് സ്ഥാപിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. മൂളക്കുളം ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറേയ്‌ക്കാണ്.
ചതുരശ്രീകോവിലിൽ കുടികൊള്ളുന്ന മുളക്കുളം ശ്രീലക്ഷ്മണസ്വാമിയുടെ ശ്രീകോവിലിനിനോട് ചേർന്ന് ഇടതുവശത്ത് അകപ്രദക്ഷിണവട്ടത്തിൽ ഗണപതി, സുബ്രഹ്‌മണ്യൻ, ഹനുമാൻ എന്നീ ദേവതകളും കുടികൊള്ളുന്നുണ്ട്. പുറത്തെ പ്രദക്ഷിണവഴിക്ക് പുറത്തായി തെക്കുപടിഞ്ഞാറ് ഭാഗത്ത് കിഴക്ക് ദർശനമായി ശിവപാർവ്വതിമാരും അവരുടെ രൗദ്രഭാവത്തെ ശമിപ്പിക്കത്തക്കവിധം തെക്കുഴിക്കുഭാഗത്ത് അവർക്ക് അഭിമുഖമായി പടിഞ്ഞാറ് ദർശനമായി ശാസ്താവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ശിവപാർവ്വതിമാർക്കുപിന്നിൽ തെക്ക് പടിഞ്ഞാറുഭാഗത്ത് കിഴക്ക് ദർശനമായി ഭദ്രകാളിയുടെ സാന്നിധ്യവും അതിന് വലതുഭാഗത്തായി സർപ്പസാന്നിധ്യവുമുണ്ട്.
നെടുങ്ങാട്ട് ശ്രീ ശതുഘ്ന സ്വാമി ക്ഷേത്രം
നാലമ്പല ദർശനപാതയിലെ നാലാമത്തെ ക്ഷേത്രമാണ് മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം. രാമന്റെ വനവാസ വാർത്തയറിഞ്ഞ് അദ്ദേഹത്തെ അയോദ്ധ്യയിലേക്ക് കൊണ്ടുവരുന്നതിനായി ഭരതനും ശത്രുഘ്നനും സൈന്യസമേതമുള്ള യാത്രയ്‌ക്ക് പുറപ്പെട്ടു. എന്നാൽ യാത്രാമദ്ധ്യേ ഭരതനും ശത്രുഘ്നനനും വേർപിരിഞ്ഞു. തുടർന്ന് ശത്രുഘ്നൻ വഴിതെറ്റി എത്തപ്പെട്ട സ്ഥലത്താണ് ഇന്ന് ക്ഷേത്രമുള്ളതെന്നാണ് വിശ്വാസം.
ഇവിടെ ശത്രുഘ്നസ്വാമി ഒരു നെടിയ കാട്ടിൽ അകപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ അവിടുള്ളവർ നെടുംകാട്ടുതേവർ അഥവാ നെടുങ്ങാട്ട് തേവർ ആയി ആരാധിക്കുകയായിരുന്നു. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് മാമ്മലശ്ശേരിയിൽ നെടുങ്ങാട്ട് പറമ്പിൽ നിന്നും നെടുങ്ങാട്ടുതേവരുടെ ഉടമസ്ഥ കുടുംബക്കാരായ നകരക്കാട്ടുമനക്കാർ ഈ ക്ഷേത്രം പൊളിച്ച് അവരുടെ തന്നെ ഗൃഹത്തിനു സമീപത്തും ഉടമസ്ഥതയിലുമുള്ള കൃഷ്ണക്ഷേത്രത്തിൽ ശ്രീകോവിൽപണിത് കുടിയിരുത്താമെന്ന തീരുമാനമെടുത്തു. തുടർന്ന് ശ്രീകൃഷ്ണസ്വാമിയുടെ തിടപ്പള്ളിയിൽ കൊണ്ടുവച്ച് പൂജികൾ ആരംഭിച്ചു. നെടുങ്ങോട്ട് തേവർക്ക് ശ്രീകൃഷ്ണസങ്കേതത്തിൽ തറ പണിതെങ്കിലും തുടർന്നുള്ള പണികൾ മുന്നോട്ടുപോയില്ല. തേവരുടെ പൂർവ ഉടമസ്ഥരായ നെടുങ്ങാട്ടുപറമ്പിന്റെ പരിസരവാസികൾക്ക് പലബുദ്ധിമുട്ടുകളും വന്നുചേർന്നു.
തുടർന്ന് 2009-ലെ അഷ്ടമംഗലദേവപ്രശ്‌നത്തിൽ നെടുങ്ങാട്ടുതേവരെ പൂർവ്വസ്ഥാനത്ത് തന്നെ ക്ഷേത്രം പണിത് കുടിയിരുത്താൻ വിധിയുണ്ടായി. അതനുസരിച്ച് നെടുങ്ങാട്ടുതേവരായ ശത്രുഘ്‌നസ്വാമിയേയും ഒപ്പം വെണ്ണക്കണ്ണൻ, ശിവൻ എന്നീ ദേവതകളെയും മാമലശ്ശേരി കാവുങ്കട കവലയ്‌ക്കു 300 മീറ്റർ സമീപത്തായുള്ള പൂർവ്വസ്ഥാനത്ത് കൊണ്ടുവന്ന് ബാലാലയത്തിൽ കുടിയിരുത്തിയിരിക്കുകയാണ്. മാസംതോറും തിരുവോണം പിറന്നാളിന് ഗണപതിഹോമം, ഭഗവത്സേവ, മൃത്യുഞ്ജയ ഹോമം, നെടുങ്ങാട്ടുതേവർക്കും ഇതരദേവതാ സാന്നിധ്യങ്ങളിലും പൂജ എന്നിവ നടക്കുന്നു. കർക്കിടകമാസത്തിൽ എല്ലാദിവസവും നടതുറന്ന് പൂജയുണ്ടാകും. കർക്കിടക മാസത്തിൽ എല്ലാ ദിവസവും നടതുറന്ന് ഇവിടെ പൂജയുണ്ടാകും. കരിക്കഭിഷേകം, തുളസിമാല, നെയ് വിളക്ക്, പാൽപ്പായസം, പാലഭിഷേകം എന്നിവയാണ് തേവരുടെ ഇഷ്ടവഴിപാട്.
















Comments