ഗാംഗ്‌ടോക്: സർക്കാർ ഉദ്യോഗസ്ഥർക്ക് 12 മാസം പ്രസവാവധി നൽകാൻ തീരുമാനവുമായി സിക്കിം. മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒരു വർഷം മറ്റേർണിറ്റി ലീവും ഒരുമാസം പറ്റേർണിറ്റി ലീവും സർക്കാർ ജീവനക്കാർക്ക് അനുവദിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി അറിയിച്ചു.
സിക്കിം സ്റ്റേറ്റ് സിവിൽ സർവീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കുട്ടികളെയും കുടുംബത്തെയും കൂടുതൽ ശ്രദ്ധിക്കാൻ പുതിയ ഉത്തരവ് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റേർണിറ്റി ബെനഫിറ്റ് ആക്ട് 1961 പ്രകാരം, സാധാരണ ഗതിയിൽ, ആറ് മാസം അഥവാ 26 ആഴ്ചയാണ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രസവാവധി നൽകുന്നത്. ശമ്പളത്തോടുകൂടിയുള്ള അവധിയാണിത്.
സിക്കിമിന്റെയും ഇവിടുത്തെ ജനതയുടെയും വളർച്ചയ്‌ക്കും വികസനത്തിനും നിർണായകമായ പങ്കുവഹിക്കുന്നവരാണ് സർക്കാർ ജീവനക്കാരെന്നും സംസ്ഥാനത്തിന്റെ നട്ടെല്ലാണ് ഇവരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിക്കിമിന്റെ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓഫീസർമാർക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ഹിമാലയൻ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. ഇവിടെ 6.32 ലക്ഷമാണ് ജനസംഖ്യ.
















Comments