ശ്രീനഗർ: കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിനും ജമ്മു കശ്മീരിനുമിടയിലുള്ള സോജി ലാ ടണൽ 2030 ഡിസംബറോടെ യാഥാർത്ഥ്യമാകുമെന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഓഫീസർ ക്യാപ്റ്റൻ ഐ.കെ സിംഗ്. തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2030 ഡിസംബറോടെ പൂർത്തിയാകുമെന്ന് ഐ.കെ സിംഗ് അറിയിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ലഡാക്കിനും ജമ്മു കശ്മീരിനുമിടയിലുള്ള നവീകരച്ച തുരങ്കത്തിന്റെ നീളം 13.15 കിലോമീറ്ററാണ്. 14.15 കിലോമീറ്ററാണ് തുരങ്കത്തിന്റെ ആകെ നീളം. 2026 ഡിസംബറിലാണ് തുരങ്കം പൂർത്തീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ നിർമ്മാണ കമ്പനി 2030 ഡിസംബർ എന്ന പുതുക്കിയ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് സോജി ലാ ടണലിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
‘സോജി ലാ കടക്കാൻ മൂന്ന് മുതൽ നാല് മണിക്കൂറോളം സമയമാണ് എടുക്കുന്നത്. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ ഇത് വെറും 15 മിനിറ്റായി കുറയും. കൂടാതെ സൈനിക പദ്ധതികളെ കൂടുതൽ സുഗമമാകുകയും സുരക്ഷാക്രമീകരണങ്ങൾ ശക്തമാകുകയും ചെയ്യും. പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ച് നിർമ്മിച്ച സ്മാർട്ട് ടണൽ സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. സിസിടിവി, റേഡിയോ നിയന്ത്രണം, തടസമില്ലാതെ വൈദ്യുതി ഉപഭോഗം, വെന്റിലേഷൻ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സോജി ലാ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. ശ്രീനഗറിനും ലേയ്‌ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തുരങ്കം ശൈത്യകാലത്ത് സൈനിക നീക്കത്തിനുള്ള ഒരു പ്രധാന പാതയാകുമെന്നും എ.കെ സിംഗ് വ്യക്തമാക്കി.
Comments