ചെന്നൈ: തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന ‘എൻ മണ്ണ്, എൻ മക്കൾ’ എന്ന് പദയാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം ചെയ്യും. അമിത് ഷായുടെ നേതൃത്വത്തിലാണ് യാത്രയ്‌ക്ക് തുടക്കം കുറിക്കുന്നത്. ഡിഎംകെ സർക്കാരിന്റെ അഴിമതി തുറന്നുകാട്ടാനും ലോകസഭാ തിരഞ്ഞെടുപ്പിൽ കരുത്താർജ്ജിക്കുന്നതിന്റെയും ഭാഗമായാണ് പദയാത്ര. തമിഴ്‌നാട് രാമേശ്വരത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.
തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നു പോകുക. 1,770 കിലോമീറ്ററിലധികം കാൽനടയായും ഗ്രാമപ്രദേശങ്ങൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വാഹനത്തിലുമാണ് യാത്ര. പത്ത് പ്രധാന പൊതുറാലികളെ കേന്ദ്രമന്ത്രിമാർ അഭിസംബോദന ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ നിയോജക മണ്ഡലങ്ങളിലുമെത്തി കേന്ദ്രസർക്കാരിന്റെ ഒൻപത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഡിഎംകെയുടെ അഴിമതി തുറന്നുകാട്ടുകയുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
തുടർച്ചയായി മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരേണ്ടതിന്റെ അനിവാര്യതയും ജനങ്ങളിൽ എത്തിക്കും. ഓരോ മണ്ഡലത്തിലും ജനങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ചെയ്ത കാര്യങ്ങൾ വിശദീകരിക്കും. ‘വാട് ഡിഡ് മോദി ഡൂ'(മോദി എന്ത് ചെയ്തു) എന്ന പുസ്തകം വിതരണം ചെയ്തുകൊണ്ട് രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതികളും, തീരുമാനങ്ങളും ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുമെന്ന് കെ. അണ്ണാമലൈ പറഞ്ഞു.
Comments