പാട്ടിനൊപ്പം മധുരമൂറുന്ന പുഞ്ചിരി ,അതാണ് കെ എസ് ചിത്ര . 25000ത്തിലധികം പാട്ടു പാടി നമ്മെ പാട്ടിലാക്കിയ ചിത്രയ്‌ക്ക് ഇന്ന് അറുപതിന്റെ നിറവ്. 1963 ജൂലൈ 27ന് തിരുവനന്തപുരത്ത് ജനനം. എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ ചലച്ചിത്രഗാനരംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. 1979ലാണ് സംഗീതരംഗത്തേക്കുള്ള കടന്നുവരവ്. കടങ്കഥ പാട്ടാണ് ചിത്ര ആദ്യമായി പാടിയത്. രണ്ടാമത്തെ പാട്ട് എംജി രാധാകൃഷ്ണന്റെ സംഗീതത്തിൽ. കുമ്മാട്ടി എന്ന ചിത്രത്തിലെ മുത്തശ്ശിക്കഥയിലേ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രയുടെ ആദ്യ സിനിമാഗാനം.
വിശ്വാസങ്ങളെ എന്നും ചേർത്തു പിടിക്കുന്ന വ്യക്തിയാണ് പ്രിയ വാനമ്പാടി . ‘ ജീവിതത്തിൽ താന്‍ ആദ്യം പാടി റിക്കോർഡ് ചെയ്തതു കൃഷ്ണനെക്കുറിച്ചുള്ള പാട്ടാണെന്ന് കെ എസ് ചിത്ര പറയുന്നു . ‘ താന്‍ എന്നും തൊടുന്നതു ഭഗവാന്റെ കളഭമാണ്. ഓരോ പരിപാടിക്കും വേദിയിലേക്കു കയറുമ്പോഴും സ്റ്റുഡിയോയിലേക്കു കയറുമ്പോഴും കണ്ണടച്ചു മനസ്സിൽ കാണുന്നത് ആ വിഗ്രഹമാണ്. കണ്ണൻ എനിക്കൊരു ധൈര്യമാണ്. എല്ലാ പ്രതിസന്ധികളിലും നിറഞ്ഞ ചിരിയോടെ കടന്നുപോകാനുള്ളൊരു ധൈര്യം. എന്നെ സത്യത്തിൽ വലിച്ചടുപ്പിച്ചു നിർത്തിയതാണ്, കൈപിടിച്ചു കയറ്റിയതാണ്. വളരെ കരുതലോടെ ചേർത്തുപിടിച്ചു നിർത്തിയിരിക്കുന്നുവെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. ഓരോ കൃഷ്ണാഷ്ടമിയും എന്നെ കൂടുതൽ കൂടുതൽ ഭഗവാനിലേക്ക് അടുപ്പിക്കുകയാണ്. ഭഗവാനും, എന്നും നെറ്റിയിൽ തൊടുന്ന ആ കളഭത്തിന്റെ ഗന്ധവും എനിക്ക് ഓരോ കടമ്പയും കടന്നുപോകാനുള്ളൊരു ധൈര്യമാണ്. കണ്ണടയ്‌ക്കുമ്പോഴെല്ലാം ഉള്ളിൽ നിറയുന്നതും ഭഗവാനാണ്. മോതിരത്തില്‍ ഗുരുവായൂരപ്പന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. ടെൻഷനുണ്ടാകുമ്പോള്‍ അതില്‍ സ്‍പര്‍ശിച്ചു കൊണ്ടേയിരിക്കും. അതൊക്കെയാണ് എന്റെ ധൈര്യം എപ്പോഴും. ഗുരുവായൂരപ്പന്റെ കളഭവും മൂകാംബികയുടെ കുങ്കുമവുമുണ്ട്. അതൊക്കെ എന്റെയൊരു വിശ്വാസമാണെന്ന് മാത്രം.- ചിത്ര പറയുന്നു.
Comments