ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ തീവ്രവാദ റിക്രൂട്ട്‌മെന്റ് മൊഡ്യൂൾ തകർത്തതായി പോലീസ് .കേസിൽ ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം) , ജെയ്‌ഷെ മുഹമ്മദ് (ജെഎം) എന്നിവയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കശ്മീരി യുവാക്കളെ ഭീകരസംഘടനയിൽ എത്തിച്ച കശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി സ്‌കോളർ ആയ ഡോ സബീൽ ആണ് അറസ്റ്റിലായവരിൽ പ്രധാനി.
ഡോ. സബീൽ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ജമാത്ത്-ഇ-ഇസ്‌ലാമിയുമായി ബന്ധപ്പെട്ടിരുന്നു. 14 വർഷമായി ഇസ്‌ലാമിക് ജമാത്ത്-ഉൽ-തുൽഭ (ഐജെടി) വിദ്യാർത്ഥി വിഭാഗത്തിൽ അംഗവുമാണെന്ന് പോലീസ് കണ്ടെത്തി . യുവാക്കളെ തിരിച്ചറിയുക, അവരെ പ്രചോദിപ്പിക്കുക, അവർക്ക് പണം നൽകുക, തുടർന്ന് തീവ്രവാദ സംഘടനകളിൽ ചേരാൻ അവരെ തയ്യാറാക്കുക, ഇതിനായാണ് സബീൽ പരിശ്രമിച്ചിരുന്നത്.
ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് തീവ്രവാദികൾ കൂടി അറസ്റ്റിലായി. ഫാസിൽ അഹമ്മദ് പാരെ, താരിഖ് അഹമ്മദ് നായിക്കൂ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ചൈനീസ് പിസ്റ്റൾ, ഒരു പിസ്റ്റൾ മാഗസിൻ, ചൈനീസ് ഗ്രനേഡ് , 10 എകെ 47 വെടിയുണ്ടകളും ഭീകരരെ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
















Comments