തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് കാറ്റിൽ പറത്തി വിദ്യാഭ്യാസ വകുപ്പിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡിഇഒയ്ക്ക് സ്ഥാനക്കയറ്റം. ചട്ടം ലംഘിച്ച് തിരുവനന്തപുരം ഡിഇഒ സുരേഷ് ബാബു ആർ എസിനാണ് വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം ലഭിച്ചത്. തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിലെ അപ്പീലുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു ലോകായുക്ത സുരേഷ് ബാബുവിനെതിരെ നടപടി എടുത്തത്.
തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരവുമായി ബന്ധപ്പെട്ടാണ് സുരേഷ് ബാബുവിനെതിരെ നടപടി വന്നത്. ഇയാളുടെ പിഴവ് മൂലം കുട്ടികൾക്ക് ഒപ്പന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായി എന്നായിരുന്നു പരാതി. സുരേഷ് ബാബുവിന് വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ ലോകകയുക്തയ്‌ക്ക് നൽകിയ പരാതിയിൽ ഇയാൾ കുറ്റക്കാരനെന്ന് തെളിഞ്ഞിരുന്നു. നടപടിയെടുക്കാൻ ലോകായുക്ത നിർദ്ദേശിച്ചെങ്കിലും അതിനു വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല.
എന്നാൽ ഇപ്പോൾ ലോകായുക്ത ഉത്തരവ് കാറ്റിൽ പറത്തിയാണ് സ്ഥാനക്കയറ്റം നൽകാനുള്ള ഡിഇഒ മാരുടെ അന്തിമ പട്ടികയിൽ സുരേഷ് ബാബുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
സുരേഷ് ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ വേണ്ടിയാണ് ലോകായുക്ത ഉത്തരവ് നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. സുരേഷ് ബാബുവിനെതിരെ നടപടി എടുക്കാൻ മൂന്ന് മാസം സാവകാശം തേടുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്.
















Comments