രാമേശ്വരം: ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയാണ് ഡിഎംകെ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ രഹസ്യങ്ങൾ പുറത്തുപറയുമോയെന്ന് ഭയന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ സെന്തിൽ ബാലാജിയോട് രാജി ആവശ്യപ്പെടാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ അഴിമതിയെ തുടർന്ന് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തു. എന്നാൽ അയാൾ ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. മുഖ്യമന്ത്രി സ്റ്റാലിൻ ബാലാജിയുടെ രാജി ആവശ്യപ്പെടില്ല, കാരണം സ്റ്റാലിന്റെ അഴിമതിയെ കുറിച്ചുള്ള രഹസ്യങ്ങൾ ബാലാജി പുറത്തുപറയുമോ എന്ന് സ്റ്റാലിന് ഭയമാണ്. നിങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ അവർ ചിന്തിക്കുന്നത് നിങ്ങളുടെ അഴിമതികളെ കുറിച്ചാണ്, അതിനാൽ യുപിഎ എന്ന പേര് മാറ്റിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് മുഖ്യമന്ത്രി സ്റ്റാലിനോടും കോൺഗ്രസിനോടും പറയാനുള്ളത്.
വെറുമൊരു രാഷ്‌ട്രീയ യാത്രയല്ല ഇത്. തമിഴ് ഭാഷ ലോകമെമ്പാടും പ്രചരിപ്പിക്കാനും തമിഴ്‌നാടിനെ കുടുംബ രാഷ്‌ട്രീയത്തിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കാനും, സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനുമാണ് പദയാത്ര നത്തുന്നത്. അഴിമതി അവസാനിപ്പിക്കാനും വികസനം ആരംഭിക്കാനുമുള്ള യാത്രയാണിത്. പദയാത്രയിലൂടെ അണ്ണാമലൈ തമിഴ് നാട്ടിലുടനീളം ദേശീയത സ്ഥാപിക്കാൻ പോകുകയാണ്. യുഎന്നിൽ ആദ്യമായി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴിൽ സംസാരിച്ചത് പ്രധാനമന്ത്രിയാണ്.
കോൺഗ്രസ് നയിച്ച യുപിഎയുടെ ഭരണകാലത്താണ് ശ്രീലങ്കയിൽ തമിഴരുടെ കൂട്ടക്കൊല നടന്നത്, തമിഴ് മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ഉത്തരവാദികൾ ഡിഎംകെയും കോൺഗ്രസുമാണ് ‘ – അമിത് ഷാ പറഞ്ഞു.
രാമേശ്വരത്ത് നിന്ന് ആരംഭിച്ച പദയാത്ര ചെന്നൈയിൽ അവസാനിക്കും. സംസ്ഥാനത്തൊട്ടാകെയുള്ള 234 നിയമസഭാ മണ്ഡലങ്ങളിലുടെയും പദയാത്ര കടന്നുപോകും. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത വർഷം ജനുവരി 11-ന് സമാപിക്കും. ഗ്രാമപ്രദേശങ്ങളിൽ കാൽനടയായും നഗരങ്ങളിൽ വാഹനജാഥയുമായാണ് പദയത്ര കടന്നുപോകുക. 1068 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബിജെപി അറിയിച്ചു.
















Comments