തിരുവനന്തപുരം: കോടതിയിൽ ജയിൽ തടവുകാരെ വീഡിയോ കോൺഫറസ് വഴി ഹാജരാക്കാനുളള സംവിധാനം പാളിയതിന് കെൽട്രോണിൽ നിന്ന് പിഴ ഈടാകാൻ ഒരുങ്ങി ജയിൽവകുപ്പ്. വീഡിയോ കോൺഫറൻസ് സംവിധാനം കെൽട്രോൺ ഒരുക്കിയെങ്കിലും പലതവണയും മുടങ്ങി. ക്യാമറ സംവിധാനത്തിന്റെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവയുൾപ്പെടെ 20.13 കോടി രൂപയുടെ കരാറാണ് ജയിൽ വകുപ്പ് 2019ൽ കെൽട്രോണിന് നൽകിയത്. പ്രശ്‌നം ഉണ്ടായാൽ ഉടൻ തന്നെ പരിഹരിക്കണമെന്ന വ്യവസ്ഥയിലാണ് കരാർ നൽകിയത്. തകാരാർ പതിവായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ കെൽട്രോൺ തയ്യാറായില്ല.
2020 ജനുവരി മുതൽ 2022 ഡിസംബർ വരെയുളള പാളിച്ചകൾക്ക് പിഴ ചുമത്താനാണ് ജയിൽ വകുപ്പിന്റെ നീക്കം. ഇതിനായി ജയിൽ ഐ.ജി അദ്ധ്യക്ഷനായുളള സമിതി രൂപീകരിച്ചു. സമിതി അന്തിമ പരിശോധന നടത്തിയാൽ മാത്രമേ എത്ര ലക്ഷം രൂപ പിഴ ഇനത്തിൽ ഈടാക്കും എന്നതിൽ വ്യക്തത വരൂ. അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തിയതിനാൽ കരാറിലെ മുഴുവൻ തുകയും ജയിൽ വകുപ്പ് കെൽട്രോണിന് കൈമാറിയിട്ടില്ല. പിഴത്തുക ഈടാക്കിയതിന് ശേഷമേ ബാക്കിയുളള കരാർ തുക തൽകുകയുളളൂ.
Comments