ചെന്നൈ: സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യാൻ തമിഴ്‌നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് രാമേശ്വരത്ത് സ്ഥിതിചെയ്യുന്ന രാമനാഥസ്വാമി ക്ഷേത്രത്തിൽ അമിത് ഷാ ദർശനം നടത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും കേന്ദ്രമന്ത്രി പങ്കെടുത്തു.
കേന്ദ്രമന്ത്രി എൽ മുരുകനും മറ്റ് മുതിർന്ന ബിജെപി നേതാക്കളും അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിലെ സ്പടിക ലിംഗത്തിൽ അമിത് ഷാ പൂജ നടത്തി. കേന്ദ്രമന്ത്രിയുടെ ക്ഷേത്ര സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ക്ഷേത്രത്തിന്റെ പ്രധാന കവാടം അടയ്‌ക്കുകയും മറ്റ് ഗേറ്റുകളിലൂടെ ഭക്തർക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് അമിത് ഷാ തമിഴ്നാട്ടിലെത്തിയത്. 200 ദിവസത്തോളം നീണ്ടുനിൽക്കുന്ന ‘എൻ മണ്ണ് എൻ മക്കൾ’എന്ന പദയാത്ര അമിത് ഷാ ഇന്നലെ ഉദ്ഘാടനം ചെയ്തു. അണ്ണാമലൈയ്‌ക്കും ബിജെപി നേതാക്കൾക്കുമൊപ്പം യാത്രയിൽ അദ്ദേഹം പങ്കെടുത്തു. സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും 249 നിയമസഭാ മണ്ഡലങ്ങളിലുടെയുമാണ് യാത്ര കടന്നുപോകുക. 1068 കിലോമീറ്റർ കാൽനടയായും നഗരങ്ങളിൽ വാഹനജാഥയുമായാണ് പദയാത്ര കടന്നുപോകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത വർഷം ജനുവരി 11-ന് സമാപിക്കും.
















Comments