കേരളത്തിലെ നാല് ജില്ലകളിലാണ് നാലമ്പല ദർശനം നടത്താൻ കഴിയുക. തൃശൂർ, കോട്ടയം, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് നാലമ്പല ദർശനത്തിന്റെ പുണ്യം ലഭ്യമാകുന്നത്. ത്രേതായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമലക്ഷ്മണ ഭരത-ശത്രുഘ്നന്മാർ കുടിയിരിക്കുന്ന നാല് ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. കർക്കിടകമാസത്തിൽ നാലമ്പല ദർശനം നടത്തുന്നത് മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗമാണെന്നാണ് വിശ്വാസം. നാലമ്പല ദർശനം ഒരേ ഉച്ചപൂജയ്‌ക്ക് മുമ്പ് കഴിയണം. രാമായണം സമ്പൂർണ പാരായണം നടത്തുന്നതിന് തുല്യമായാണ് നാലമ്പല ദർശനത്തെ കണക്കാക്കുന്നത്. മനസും ശരീരവും ശുദ്ധീകരിച്ച് പുതുവർഷത്തെ വരവേൽക്കുന്നതിന് കൂടിയാണ് രാമായണ മാസത്തിൽ നാലമ്പല ദർശനം നടത്തുന്നത്.
ഇതിൽ മലപ്പുറം ജില്ലയിലും നാലമ്പല ദർശനം നടത്താം എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. ശ്രീരാമൻ ക്ഷേത്രങ്ങൾ ഉള്ള സ്ഥലങ്ങളെല്ലാം രാമന്റെ വാസകേന്ദ്രങ്ങൾ അഥവാ രാമപുരം എന്നാണ് കണക്കാക്കുന്നത്. ഇവിടെ മലപ്പുറത്തിന് അടുത്തുമുണ്ട് ഒരു രാമപുരം. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിൽ രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് ശ്രീരാമ-ഭരത-ലക്ഷ്മണ-ശത്രുഘ്ന ക്ഷേത്രങ്ങൾ ഉള്ളത്. പെരിന്തൽമണ്ണ -മലപ്പുറം പാതയിൽ രണ്ട് കിലേമീറ്റർ ചുറ്റളവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഘടനയും നിർമ്മാണ ശൈലിയുമാണ് ക്ഷേത്രത്തിനുള്ളത്. രാമായണമാസത്തിൽ നാലമ്പല ദർശന പുണ്യം തേടി ആയിരങ്ങളാണ് ക്ഷേത്രങ്ങളിലേക്ക് എത്താറുള്ളത്. ഒരു നേരം കൊണ്ട് നാല് ക്ഷേത്രങ്ങളിൽ ദർശനം നടത്തണമെന്നാണ് ഇവിടുത്തെ വിശ്വാസം. നാല് ക്ഷേത്രങ്ങളുമായി ഒരു മണിക്കൂർ കൊണ്ട് ദർശനം നടത്താൻ സാധിക്കുമെന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, അയോദ്ധ്യ ലക്ഷ്മണക്ഷേത്രം, കരിഞ്ചാപ്പാടി ഭരത ക്ഷേത്രം, നാറാണത്ത് ശത്രുഘ്നക്ഷേത്രം സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ. ഈ ക്ഷേത്രത്തിൽ ക്രമത്തിൽ ദർശനം നടത്തി അവസാനം രാമപുരം ശ്രീരാമക്ഷേത്രത്തിൽ തിരികെയെത്തണം. ഇതോടെയാകും നാലമ്പല ദർശനം പൂർത്തിയാകുന്നത്. ക്ഷേത്രത്തിൽ തിരികെയെത്തി നാലമ്പലദർശന ചക്രം പൂർത്തിയാക്കും വിധമാണ് ക്ഷേത്രങ്ങളിലെ സജ്ജീകരണം.
രാമപുരം ശ്രീരാമസ്വാമിക്ഷേത്രം
വർഷങ്ങൾക്ക് മുമ്പ് ഒരു പരദേശി ഊരുചുറ്റി ഒടുവിൽ രാമപുരത്ത് വരികയുണ്ടായി. അദ്ദേഹം വടക്കേടത്ത് മനക്കൽ എത്തുകയും ഇവിടെ സന്ധ്യാവന്ദനവും മറ്റും കഴിഞ്ഞ് അന്ന് രാത്രി ഇല്ലത്ത് താമസിക്കുകയും ചെയ്തുവത്രെ.. അദ്ദേഹത്തിന്റെ ഭാണ്ഡത്തിൽ ശ്രീരാമധ്യാനത്തിനായുള്ള ഒരു സാളഗ്രാമം ഉണ്ടായിരുന്നു. സാളഗ്രാമം അടങ്ങുന്ന ഭാണ്ഡം അദ്ദേഹം മനക്കലെ നമ്പൂതിരിയെ ഏൽപ്പിച്ചു. അത് സൂക്ഷിച്ചു വെക്കണമെന്നും പാൽ നിവേദിക്കരുതെന്നും അദ്ദേഹം നമ്പൂതിരിയോട് പറഞ്ഞു.
എന്നാൽ ബ്രാഹ്‌മണൻ നിത്യകർമ്മങ്ങൾ കഴിച്ച് മടങ്ങാൻ നേരം ഭാണ്ഡം തിരികെ ചോദിക്കുകയുണ്ടായി. ആ സമയം അത് വെച്ച സ്ഥലത്ത് നിന്നും തിരികെ എടുക്കുവാൻ കഴിഞ്ഞിരുന്നില്ല. ബ്രാഹ്‌മണൻ നമ്പൂതിരിയോട് പറഞ്ഞ കാര്യങ്ങൾ അദ്ദേഹം മറ്റാരോടും പറഞ്ഞിരുന്നില്ല. അക്കാരണത്താൽ തന്നെ ഇക്കാര്യങ്ങൾ ഒന്നും അറിയാതെ മനക്കലെ സ്ത്രീകൾ സാളഗ്രാമത്തിൽ പാൽ നിവേദിച്ച് പൂജാധികർമ്മങ്ങൾ നടത്തി. ഇതറിഞ്ഞ ബ്രാഹ്‌മണൻ പരലോകം പ്രാപിച്ചുവെന്നാണ് ഐതിഹ്യം. അന്ന് രാത്രിയിൽ നിദ്രയിലാണ്ട ഇല്ലത്തെ നമ്പൂതിരിക്ക് ഒരു സ്വപ്ന ദർശനം ഉണ്ടായി.
ഇന്ന് ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്ത് ഒരു കറുത്ത പുള്ളിപ്പശു പ്രസവിച്ച് നിൽക്കുന്നുണ്ട്. ആ സ്ഥലം വെട്ടിത്തെളിച്ച് അവിടെ ഒരു ക്ഷേത്രം നിർമ്മിക്കണമെന്നായിരുന്നു സ്വപ്നദർശനത്തിൽ അരുളിപ്പാടുണ്ടായത്. തുടർന്ന് ഈ സ്ഥലം നമ്പൂതിരി കണ്ടെത്തി ക്ഷേത്രപ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം. ഇവിടുത്തെ ശ്രീരാമപ്രതിഷ്ഠ രാവിലെ വനവാസത്തിലായ രാമനും വൈകിട്ട് സീതാസമേതനായ രാമനും ആണെന്നാണ് വിശ്വാസം. ഭരത-ലക്ഷ്മണ-ശത്രുഘ്ന ക്ഷേത്രങ്ങൾ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് മുഖമായി സ്ഥിതി ചെയ്യുന്നുവെന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത.
കിഴക്കോട്ട് ദർശനമായാണ് ഇവിടെ നാലമ്പല നാഥൻ ശ്രീരാമസ്വാമിയുടെ ക്ഷേത്രം. ഇവിടെ നിന്നും ഏതാണ്ട് അര കിലോമീറ്റർ തെക്കകിഴക്ക് വശത്തായി അയോദ്ധ്യ ലക്ഷ്മണസ്വാമി ക്ഷേത്രം ദേശിയ പാതയോരത്ത് തന്നെയുണ്ട്. രാമപുരത്തുനിന്ന് ഒന്നര കിലോമീറ്റർ വടക്കു വശത്തായി നാറാണത്ത് എന്ന ദേശത്ത് തന്നെ ശത്രുഘ്‌നസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അവിടെ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി കരിഞ്ചാപാടി എന്ന ദേശത്ത് ചിറക്കാട്ട് ഭാരതസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയ്‌ക്ക് പോകുന്ന നാഷണൽ ഹൈവേ 213-ൽ 9 കിലോമീറ്റർ മാറിയാണ് രാമപുരം. ജ്യേഷ്ഠനെ തൊഴുത് നിൽക്കുന്ന ഭാവത്തിലാണ് മൂന്ന് സഹോദര ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠ.
കരിഞ്ചാപ്പാടി ഭരത ക്ഷേത്രം
രാമപുരത്ത് നിന്നും മലപ്പുറം ദിശയിൽ സഞ്ചരിക്കുമ്പോൾ നാറാണത്ത് ഗ്രാമാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറായി കരിഞ്ചാപ്പാടി എന്ന പ്രദേശത്താണ് ഭരതക്ഷേത്രം സ്ഥിതിചെയ്യുന്നത്. മറ്റ് മൂന്നു ക്ഷേത്രങ്ങളും പുഴക്കോട്ടിരി പഞ്ചായത്തിലാണെങ്കിൽ ഈ ക്ഷേത്രം കുറവ പഞ്ചായത്തിലാണ്. ചിറയും കാടും കൂടിച്ചേർന്ന സ്ഥലമായതിനാൽ തന്നെ ഇവിടം ചെറക്കാട് എന്നും അറിയപ്പെടുന്നു.
അയോദ്ധ്യാനഗർ ലക്ഷ്മണസ്വാമിക്ഷേത്രം
രാമപുരത്തുനിന്നും ഒരു കിലോമീറ്റർ വടക്കുമാറിയാണ് അയോദ്ധ്യ ലക്ഷ്മണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരിന്തൽമണ്ണയ്‌ക്കു പോകുന്ന വഴിയിൽ പനങ്ങാങ്ങര മുപ്പത്തെട്ടു സ്റ്റോപ്പിനടുത്ത്, പടിഞ്ഞാറ് ദർശനമായാണ് ലക്ഷ്മണക്ഷേത്രമുള്ളത്. ഇന്ന് ഇവിടം അറിയപ്പെടുന്നത് അയോദ്ധ്യാനഗർ എന്നാണ്. ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇടം വിശ്വാമിത്ര മഹർഷിയുടെ തപോകേന്ദ്രമായിരുന്നു എന്നാണ് ഐതിഹ്യങ്ങളിൽ പറയുന്നത്. മഹർഷിയുടെ സങ്കൽപ്പത്തിന്റെ സാഫല്യമാണ് രാമപുരത്തെ നാലമ്പലങ്ങളെന്നും ഇവിടുത്തുകാർ വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിൽ വിശ്വാമിത്രാമഹർഷിയെ സങ്കൽപ്പിച്ച് നിത്യേന രണ്ടുനേരവും വിളക്ക് വെച്ച് പോരുന്നുണ്ട്.
നാറാണത്ത് ശത്രുഘ്നക്ഷേത്രം
രാമപുരം ക്ഷേത്രത്തിൽ നിന്നും പടിഞ്ഞാറോട്ട് മാറി കോഴിക്കോട്ടേയ്‌ക്ക് പോകുന്ന ദേശീയപാതയിൽ നാറാണത്ത് സ്റ്റോപ്പിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെ നാറാണത്ത് എന്ന കവലയിൽ നാറാണത്ത് പുഴയുടെ വക്കിലായാണ് ശത്രുഘ്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീരാമ ഭരത ലക്ഷ്മണ ക്ഷേത്രങ്ങൾക്ക് വട്ടശ്രീകോവിലാണെങ്കിൽ ശത്രുഘ്‌ന ക്ഷേത്രത്തിന് ചതുരശ്രീകോവിലാണ് ഉള്ളത്. ചതുർബാഹുവായ ശത്രുഘ്‌നനാണ് ഇവിടുത്തെ പ്രതിഷ്ഠ.
ലക്ഷ്മണ ക്ഷേത്രത്തിന് സമീപമുളള പനങ്ങാങ്ങര ശിവക്ഷേത്രം ഈ പ്രദേശത്തെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ദുർവാസാവ് മഹർഷിയുടെ തപോഭൂമിയാണ് ഈ പ്രദേശമെന്നുമുള്ള വിശ്വാസവും നിലനിൽക്കുന്നുണ്ട്. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ലഹളയിലുമെല്ലാം ഈ ക്ഷേത്രങ്ങൾ നിരവധി തവണ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു ഐതിഹ്യം ഇങ്ങനെ…
നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ മേഖലയിൽ ബ്രാഹ്‌മണരില്ലാത്ത ഒരു കാലം വന്നിരുന്നുവത്രെ. അന്ന് ഇരിഞ്ഞാലക്കുടയിൽ നിന്നും ബ്രാഹ്‌മണ കുടുംബങ്ങളെ സാമൂതിരി ഇവിടേക്ക് ക്ഷണിച്ചു. ഇരിഞ്ഞാലക്കുടയിൽ നിന്നും ഇവിടേയ്‌ക്കെത്തിയ ബ്രാഹ്‌മണരുടെ ആരാധനാ ദേവത തൃപ്രയാറപ്പനായിരുന്നു. അങ്ങനെ ഇവിടെയും രാമക്ഷേത്രം ഉയർന്നുവെന്നും അതിനൊപ്പം സമീപത്തു തന്നെ ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങളും ഉയർന്നുവെന്ന ഐതിഹ്യവും പഴമക്കാർ പറയുന്നു. പ്രഭാതത്തിൽ വനവാസത്തിന് വേണ്ടി കാഷായ വേഷധാരിയായി തിരിച്ച രാമ സങ്കൽപവും പ്രദോഷത്തിൽ സീതാ സമേതനായ രാമൻ എന്നിങ്ങനെയാണ് പ്രതിഷ്ഠ സങ്കൽപം. ഇന്നും തൃപ്രയാർ ക്ഷേത്ര മാതൃകയിലാണ് ഇവിടെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. എന്നാൽ ആകെയുള്ള ഒരു വ്യത്യാസം ഇവിടെ ഉത്സവം നടത്താറുണ്ട് എന്നത് മാത്രമാണ്.
ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്താണ് ഹനുമാൻ പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗമായി വിഷ്ണുവും ഭഗവതിയും ശിവനുമുണ്ട്. ഇതിന് സമീപമാണ് ഗൃഹസ്ഥാശ്രമ സങ്കൽപത്തിലുള്ള ശാസ്താവിന്റെ പ്രതിഷ്ഠയുള്ളത്. വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഭദ്രകാളി പ്രതിഷ്ഠയുമുണ്ട്. രാമപുരം ക്ഷേത്രത്തിന് സമീപം ഒരു നരസിംഹ ക്ഷേത്രമുണ്ട്. ആദ്യ കാലത്ത് ഇത് രണ്ടും രണ്ട് ദേശങ്ങളിലായിരുന്നത്രേ. ശ്രീരാമ ചൈതന്യം മനസിലാക്കിയ ബ്രാഹ്മണർ പിന്നീട് നരസിംഹ ക്ഷേത്രത്തിന് സമീപം ശ്രീരാമ പ്രതിഷ്ഠ നടത്തുകയായിരുന്നു എന്നാണ് ഐതിഹ്യം. നരസിംഹ ക്ഷേത്രത്തിനു രാമ ക്ഷേത്രത്തേക്കാൾ പഴക്കമുണ്ട്. ദേശത്തെ പിഷാരടിമാരായിരുന്നു നരസിംഹ ക്ഷേത്രത്തിന്റെ ഊരായ്മക്കാർ.
















Comments