ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത വനവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി . രവി ചൗധരി, അതുൽ എന്നിവരുടെ വീടുകളാണ് സർക്കാരിന്റെ നിർദേശപ്രകാരം പൊളിച്ചു മാറ്റിയത് .അതേസമയം, ഇരയായ 11 വയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ് . മെച്ചപ്പെട്ട ചികിത്സയ്‌ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്തേക്കും.
സത്‌ന ജില്ലയിലെ മൈഹാറിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായത് . ബുൾഡോസറുകളുമായാണ് പോലീസും അധികൃതരും സ്ഥലത്ത് എത്തിയതെന്നും, ഇന്ന് രാവിലെയാണ് വീടുകൾ പൊളിച്ചു നീക്കിയതെന്നും രേവ എഡിജി കെ പി വെങ്കിടേശ്വർ പറഞ്ഞു. പ്രതികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും അവരെ പോലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.
പ്രതികൾ കുറ്റം സമ്മതിച്ചതായി മൈഹാർ ടൗൺ ഇൻസ്പെക്ടർ (ടിഐ) അനിമേഷ് ദ്വിവേദി പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വെള്ളമെടുക്കാൻ പോകുമ്പോൾ അടുത്തുള്ള കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു . പിന്നീട്, കുടുംബാംഗങ്ങളാണ് കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം, കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുട്ടിയ്‌ക്ക് ഏറ്റവും മികച്ച ചികിത്സ നൽകണമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പോലീസിന് നിർദേശം നൽകി.
















Comments