ചെന്നൈ: മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ജീവിതത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്ന ‘മെമ്മറീസ് നെവർ ഡൈ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ എപിജെഎം നസീമ മരയ്‌ക്കയാറും ശാസ്ത്രജ്ഞനായ വൈഎസ് രാജനും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്.
ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള അബ്ദുൾ കലാമിന്റെ സ്വപ്നം പൂർത്തീകരിക്കപ്പെടുമെന്നും ലോകത്തെ മുഴുവൻ ഇന്ത്യ ബഹിരാകാശ മേഖലയിൽ നയിക്കുമെന്നും പുസ്തക പ്രകാശന ചടങ്ങിൽ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബഹിരാകാശ മേഖലയിൽ വൻ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും ബഹിരാകാശ ശാസ്ത്രത്തിൽ നിരവധി അവസരങ്ങൾ ഇന്നുണ്ട്. കലാമിന്റെ ‘ഇന്ത്യ 2020: വിഷൻ ഫോർ ദ ന്യൂ മില്ലേനിയം’ എന്ന പുസ്തകത്തിൽ രാജ്യത്തിന്റെ വികസനത്തിനുള്ള മാർഗരേഖ അബ്ദുൾ കലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ അതിന്റെ സാധ്യതകൾ തിരിച്ചറിയണം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ വികസിപ്പിക്കണം, കൃഷിയും വ്യവസായവും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സന്തുലിത വളർച്ച ഉറപ്പാക്കണം. കലാം പറഞ്ഞ ഈ മൂന്ന് കാര്യങ്ങളിലൂടെയാണ് ഭാരതം ഇപ്പോൾ സഞ്ചരിക്കുന്നതെന്നും വൈകാതെ തന്നെ ഇന്ത്യ ബഹിരാകാശ മേഖലയിൽ വൻ ശക്തിയാകുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എൽ മുരുകൻ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എപിജെ അബ്ദുൾ കലാമിന്റെ രാമേശ്വരത്തെ വീട്ടിലും ആഭ്യന്തരമന്ത്രി സന്ദർശനം നടത്തി. തുടർന്ന് രാമനാഥസ്വാമി ക്ഷേത്ര ദർശനവും അദ്ദേഹം നടത്തി. രാമേശ്വരം ക്ഷേത്രത്തിൽ ആരതിയും അഭിഷേകവും ചെയ്യാൻ കഴിഞ്ഞത് മഹത്തായ ഭാഗ്യമായി കരുതുന്നുവെന്നാണ് ദർശനത്തിന് പിന്നാലെ ആഭ്യന്തരമന്ത്രി പറഞ്ഞത്. 12 ജ്യോതിർലിംഗങ്ങളിൽ, രാമൻ ശിവനെ ആരാധിച്ച സ്ഥലമാണിതെന്നും സനാതന ധർമ്മത്തിന്റെ പൗരാണികതയുടെ പ്രകടനമാണ് ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു അമിത് ഷാ.
Comments