ഇസ്ലാമാബാദ്: അൽ ഖ്വയ്ദയുമായി ലയിക്കാനൊരുങ്ങി തെഹ്‌രീക്-ഇ-താലിബാൻ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിന് മുന്നിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. അൽ ഖ്വയ്ദയുമായി ലയിച്ച് ദക്ഷിണേഷ്യയിലെ ഭീകരവാദ ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ വരുത്തി ഒന്നിച്ച് ഭീകരപ്രവർത്തനങ്ങലേർപ്പെടുകയാണ് തെഹ്‌രീക്-ഇ-താലിബാന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതിന് പിന്നാലെ തെഹ്‌രീക്ക്-ഇ-താലിബാന്റെ സാന്നിധ്യം പാകിസ്താനിൽ വർദ്ധിച്ചു. ലോകമെമ്പാടുമുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന യുഎൻ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അൽ ഖ്വയ്ദയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് പാകിസ്താനിൽ ടിടിപി പ്രവർത്തിക്കുന്നതെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന പരിശീലന ക്യാമ്പുകളിൽ ടിടിപി ഭീകരർക്കും പരിശീലനം നൽകുന്നുണ്ട്. പാക് അതിർത്തിയിൽ ടിടിപി തങ്ങളുടെ ശക്തി വർദ്ധിപ്പിച്ചതായും അൽ ഖ്വയ്ദയുടെ സഹായത്തോടെ പാകിസ്താനിൽ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. താലിബാൻ ഭരണത്തിൽ ഉന്നത പദവിയിൽ പോലും അൽ ഖ്വയ്ദ ഭീകരർ സേവനമനുഷ്ടിക്കുന്നുണ്ട്. നിയമ നിർവ്വഹണ ഏജൻസികളിലേക്കും പൊതുഭരണ സ്ഥാപനങ്ങളിലേക്കും ഇവർ നുഴഞ്ഞുകയറുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ യുഎൻഎസ്‌സി റിപ്പോർട്ട് അഫ്ഗാനിലെ താലിബാൻ ഭരണകൂടം നിരസിച്ചു.
















Comments