ന്യൂഡൽഹി: വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയിൽ നിന്നും കടത്തിയ പുരാവസ്തുക്കൾ തിരികെ നൽകിയ അമേരിക്കയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 250 മുതൽ 2500 വർഷം വരെ പഴക്കമുള്ള അമൂല്യമായ പുരാവസ്തുക്കളാണ് യുഎസ് സർക്കാർ കൈമാറിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 123-ാം എപ്പിസോഡ് അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘യുഎസ് നൽകിയ അപൂർവവും അമൂല്യവുമായ വസ്തുക്കൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ സ്വന്തമാണ്. ഇന്ത്യയുടെ അഭിമാനകരമായ പൈതൃകത്തിന് സാക്ഷ്യം വഹിക്കുന്ന ഈ വസ്തുക്കൾ നൽകിയ യുഎസ് സർക്കാരിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 2016 ലും 2021 ലും ഞാൻ യുഎസ് സന്ദർശിച്ചപ്പോഴും ഇതുപോലെ നിരവധി പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് തിരികെ ലഭിച്ചു. ഇത്തരം പുരാവസ്തുക്കൾ സാംസ്‌കാരികവും മതപരവുമായ പ്രാധാന്യമുള്ളവയാണ്. രാജ്യത്തിന്റെ പൈതൃകവും സമ്പന്നമായ ചരിത്രവും സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് പുരാവസ്തുക്കളുടെ തിരിച്ചുവരവ്’ പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് കേവലം കലാസൃഷ്ടികളല്ല. യുഎസ് നൽകിയ അമൂല്യ വസ്തുക്കൾ രാജ്യത്തിന്റെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. സാംസ്‌കാരിക സ്വത്തുക്കളുടെ സംരക്ഷണത്തിലും കൈമാറ്റത്തിലും യുഎസ് നൽകിയ സഹകരണത്തെ ഞാൻ അഭിനന്ദിക്കുന്നു. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു, അറ്റോർണി ആൽവിൻ ബ്രാഗിൻ, ആന്റി ട്രാഫിക്കിംഗ് യൂണിറ്റ് എന്നിവരുടെ മികച്ച സഹകരണത്തിനും പിന്തുണയ്‌ക്കും ഈ വേളയിൽ ഞാൻ നന്ദി അറിയിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.
















Comments