ന്യൂയോർക്ക്: മദ്യപാനിയായ യാത്രക്കാരൻ അമ്മയെയും മകളെയും വിമാനത്തിൽ മണിക്കൂറുകളോളം ലൈംഗികാതിക്രമത്തിന് ഇരായക്കിയതായി പരാതി. ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം. ഒൻപത് മണിക്കൂറുകളോളം പീഡനത്തിനിരയാക്കിയെന്നും രണ്ട് ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അമ്മയും മകളും വിമാനക്കമ്പനിയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തു.
പലതവണ പരാതി നൽകിയെങ്കിലും വിമാന ജീവനക്കാരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. ജീവനക്കാർ ഇയാളെ വീണ്ടും മദ്യപിക്കാൻ അനുവദിച്ചതായും പരാതിയിലുണ്ട്. ന്യൂയോർക്കിൽ നിന്ന് ഏതൻസിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു കൊടും ക്രൂരത. മദ്യപിച്ച പ്രതി തൊട്ടടുത്തിരിക്കുന്ന അമ്മയോടും 16 വയസുള്ള മകളോടും സംസാരിക്കാൻ ശ്രമിച്ചു. ഇതിന് വിസമ്മതിച്ചതോടെ ഇയാൾ അക്രമാസക്തനായി. ശരീരത്തിൽ സ്പർശിച്ച് മോശം ആംഗ്യം കാണിച്ചു. തുടർന്ന് കൈകളിൽ പിടിച്ച് വലിച്ചു. ഇരുവരുടെയും മേൽവിലാസം തിരക്കിയെന്നും പരാതിയിൽ പറയുന്നു.
മറ്റ് യാത്രക്കാർ ഇടപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ അവരോടും മോശമായി പെരുമാറി. തുടർന്ന് വിമാനത്തിലെ ജീവനക്കാരോട് സ്ത്രീ പരാതിപ്പെട്ടെങ്കിലും ശാന്തമായി ഇരിക്കാനായിരുന്നു മറുപടി. തുടർന്നാണ് അതിക്രമത്തിന് കൂട്ടുനിന്ന ജീവനക്കാർക്കെതിരെയും വിമാനകമ്പനിയ്‌ക്കെതിരെയും പരാതി നൽകിയത്.
Comments