ന്യൂഡൽഹി:ആവേശകരമായ ദൗത്യങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ഐഎസ്ആർഒ തയാറെടുക്കുകയാണെന്ന് ചെയർമാൻ എസ് സോമനാഥ്. ജിഎസ്എൽവി പരീക്ഷണം ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് വേണ്ടി സജ്ജമായത് പോലെ തന്നെ വരും മാസങ്ങളിൽ ഐഎസ്ആർഒ നിരവധി ദൗത്യങ്ങൾക്ക് നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് പിഎസ്എൽവി വിക്ഷേപണം വിജയകരമായതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏഴ് സിംഗപ്പൂർ ഉപഗ്രഹങ്ങളുമായാണ് ഇന്ന് പിഎസ്എൽവി സി 56 വിജയകരമായി ഭ്രമണപഥത്തിലെത്തിയത്. ഐഎസ്ആർഒയുടെ ഭാവി വിക്ഷേപണ ദൗത്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ആഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസത്തിന്റെ ആദ്യ ഭാഗത്ത് മറ്റൊരു ദൗത്യം കൂടി പിഎസ്എൽവി നിർവഹിക്കും. ഈ വർഷം വീണ്ടും ആവേശകരമായ ദൗത്യങ്ങൾക്ക് നേതൃത്വം വഹിക്കാൻ ഒരുങ്ങുകയാണ്. പിഎസ്എൽവി വീണ്ടും കുതിച്ചുയരും. നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗഗൻയാനായുള്ള പരീക്ഷണ വാഹനവും ഐഎസ്ആർഒയ്‌ക്ക് ഉണ്ട്.’- എസ് സോമനാഥ് പറഞ്ഞു.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക എന്ന ദൗത്യവും ഐഎസ്ആർഒയുടെ മുന്നിലുണ്ട്. ഗഗൻയാൻ പദ്ധതിയും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഗഗൻയാൻ 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും ശേഷം പേടകം തിരിച്ചിറക്കുകയും ചെയ്യുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
















Comments