തിരുവനന്തപുരം: സർക്കാരിനെതിരെ തിരിഞ്ഞ മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസിലെ മൂന്നാം പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. കേസിലെ നാലാം പ്രതി മുൻ ഐ.ജി എസ്. സുരേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെയാണ് ലക്ഷ്മണിനെയും അഴിയെണ്ണിക്കാനാണ് നീക്കം. ഇന്ന് കളമശേരിയിൽ രാവിലെ 11ന് ഹാജരാകാന്‍ ഐജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജി. ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ അതീവ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥനെ അനഭിമതനാക്കിയിട്ടുണ്ട്. ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം ഐ.ജിയുടെ ഭാവി സർക്കാർ തീരുമാനിക്കും.പൊലീസ് ട്രെയിനിംഗ് വിഭാഗം ഐ.ജിയായ ലക്ഷ്മണിനെ വീണ്ടും സസ്‌പെൻഡ് ചെയ്‌തേക്കും. എ.ഡി.ജി.പിയായുള്ള ലക്ഷ്മണിന്റെ സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞിരിക്കുകയാണ്.
ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഹർജിയിലെ ആരോപണം.മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പുകേസിൽ തന്നെ ഉൾപ്പെടുത്തിയതിനെതിരെയാണ് ഹർജി.
ഐ.ജിക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. 15 മാസത്തെ സസ്‌പെൻഷനുശേഷം സർവീസിൽ തിരിച്ചെത്തിയതാണ് ലക്ഷ്മൺ. മോൻസണിന്റെ തട്ടിപ്പിന് ഐ.ജി കൂട്ടുനിന്നതായി കണ്ടെത്തിയ എ.ഡി.ജി.പി ടി.കെ.വിനോദ്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരിക്കുകയാണ്.മോൻസൻ കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല.
















Comments