ജയ്പൂർ: സ്‌കൂൾ വിദ്യാർത്ഥിനിയുടെ കുടിവെള്ള കുപ്പിയിൽ സഹപാഠി മൂത്രം കലർത്തിയെന്ന് ആരോപിച്ച് വൻ സംഘർഷം. രാജസ്ഥാനിലാണ് സംഭവം.സഹപാഠിയായ ആൺകുട്ടി തന്റെ കുപ്പിയിൽ മൂത്രം കലർത്തിയതായി പ്ലസ് ടു വിദ്യാർത്ഥിനി ആരോപിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ സഹപാഠിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. തടയാനെത്തിയ പോലീസിന് നേരെയും കയ്യേറ്റമുണ്ടായി.
പെൺകുട്ടി വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് മടങ്ങിവരവെയായിരുന്നു സംഭവം. തിരികെ ക്ലാസിൽ എത്തിയ ശേഷം വെള്ളം കുടിക്കാൻ നോക്കുമ്പോൾ കുപ്പിയിൽ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പ്രധാന അദ്ധ്യാപകനോട് പരാതിപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് സഹപാഠി കുപ്പിയിൽ മൂത്രം കലർത്തിയതായി അറിയുന്നത്.
എന്നാൽ പെൺകുട്ടിയുടെ പരാതിയിൽ സ്‌കൂൾ അധികൃതർ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഗ്രാമവാസികൾ രംഗത്തെത്തിയത്. തഹസിൽദാർ, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരോടും നാട്ടുകാർ വിഷയം ഉന്നയിച്ചു. സംഭവത്തിൽ പോലീസും കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതും നാട്ടുകാരെ കൂടുതൽ പ്രകോപിതരാക്കി. തുടർന്ന് പെൺകുട്ടിയുടെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.
















Comments