പരമശിവന്റേയും പാർവതി ദേവിയുടേയും സീമന്ത പുത്രനാണ് ഗണങ്ങളുടെ അധിപനായ ഗണപതി. ജ്ഞാനത്തിന്റെയും ഭാഗ്യത്തിന്റെ പ്രതീകമാണ് ആനത്തലയുള്ള ഗണപതി ഭഗവാൻ. ആരംഭങ്ങളുടെ അധിപനും വിഘ്‌നങ്ങൾ നീക്കുന്നവനുമായ ഗണേശഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഹോമമാണ് ഗണപതി ഹോമം. ഒരാളുടെ പുരോഗതിക്കും വിജയത്തിനും തടസ്സമാകുന്ന പ്രതിബന്ധങ്ങൾ നീക്കി ഗണപതി ഭഗവാന്റെ അനുഗ്രഹവും നേടി ഐശ്വര്യവും വിജയവും കരഗതമാകുവാനാണ് ഗണപതി ഹോമം നടത്തുന്നത്. ഇതിനു പുറമേ, ഒരു പുതിയ സംരംഭത്തിന്റെയോ പ്രോജക്റ്റിന്റെയോ ആരംഭം കുറിക്കുക, ബുദ്ധിമുട്ടുകൾ മറികടക്കുക, നെഗറ്റീവ് എനർജിയിൽ നിന്ന് സംരക്ഷണം തേടുക തുടങ്ങിയ ആവശ്യങ്ങൾക്കും മറ്റ് ഉദ്ദിഷ്ടകാര്യങ്ങൾക്കായും ഗണപതി ഹോമം നടത്തുന്നു. നടത്തുന്ന ആളിന് പുറമെ ഒരു ഗണപതി ഹോമത്തിന്റെ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പോലും സമാധാനവും സമൃദ്ധിയും ഭാഗ്യവും നൽകുന്നതാണ് ഗണപതി ഹോമം.
ഗണേശമന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് അഗ്നി കൊളുത്തുന്നതും നെയ്യ്, ധാന്യങ്ങൾ, പുഷ്പങ്ങൾ തുടങ്ങിയ വിവിധ പദാർത്ഥങ്ങൾ അഗ്നിജ്വാലകളിലേക്ക്/ഹോമകുണ്ഡത്തിലേക്ക് സമർപ്പിക്കുന്നതുമാണ് ഗണപതി ഹോമം എന്ന് ലഘുവായി പറയാം. ഇത് ഒരു ക്ഷേത്രത്തിലോ വീട്ടിലോ നടത്താം. സൂര്യോദയത്തിനു മുന്‍പ് വേണം ഹോമം നടത്തേണ്ടത്.ജീവിത കാലയളവിൽ ഒരാൾക്ക് ഗണപതി ഹോമം എപ്പോൾ നടത്തണം എന്നതിനെക്കുറിച്ച് കൃത്യമായ നിയമങ്ങളൊന്നുമില്ല, അത് ഒരാളുടെ സൗകര്യത്തിനോ ആവശ്യത്തിനോ അനുസരിച്ച് മറ്റു അശുദ്ധികൾ ഒന്നും ഇല്ലാത്തപ്പോൾ എപ്പോൾ വേണമെങ്കിലും ചെയ്യാവുന്നതാണ്. എന്നിരുന്നാലും, സാധാരണയായി പ്രത്യേക അവസരങ്ങളിലോ അല്ലെങ്കിൽ ഒരു പുതിയ സംരംഭത്തിന്റെ ആരംഭം പോലുള്ള പ്രധാനപ്പെട്ട സംഭവങ്ങളുടെ തുടക്കത്തിലോ ചെയ്യാറുണ്ട്. ഗണപതി ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്ന ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഗണപതി ഹോമം നടത്തുന്നത് സാധാരണമാണ്. ചില ആളുകൾ അവരുടെ ദൈനംദിന ഭക്തിയുടെ ഭാഗമായി അല്ലെങ്കിൽ ഗണപതിയെ ആരാധിക്കുന്നതിന് മംഗളകരമായി കണക്കാക്കുന്ന ആഴ്ചയിലെ നിർദ്ദിഷ്ട ദിവസങ്ങളിൽ പതിവായി ഗണപതി ഹോമം അനുഷ്ഠിക്കുന്നു.
ഗണപതി ഹോമത്തിന്റെ ചടങ്ങുമായി ബന്ധപ്പെട്ട ആചാരങ്ങളിലും മന്ത്രങ്ങളിലും പരിശീലനം നേടിയ ഒരു പുരോഹിതനാണ് ഗണപതി ഹോമം നടത്തുന്നത്. ചില സന്ദർഭങ്ങളിൽ, ഹോമത്തിന്റെ ശരിയായ നിർവ്വഹണത്തിൽ പരിശീലനം ലഭിച്ച സാധാരണക്കാരാണ് ചടങ്ങ് നടത്തുന്നത്. വ്യക്തികൾക്ക് സ്വന്തമായി ഗണപതി ഹോമം നടത്താനും സാധിക്കും, എന്നാൽ ചടങ്ങിനെ നയിക്കാനും അത് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പരിശീലനം സിദ്ധിച്ച ഒരു പുരോഹിതനോ അറിവുള്ള വ്യക്തിയോ ഹാജരാകണമെന്ന് പൊതുവെ ശുപാർശ ചെയ്യപ്പെടുന്നു.
മാസം തോറും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ സകല ദോഷങ്ങളും പരിഹരിച്ചു ശ്രേയസ്സ് ഉണ്ടാവുന്നതിനും ജീവിതത്തിൽ വിജയിക്കുന്നതിനും നല്ലതാണ്.

വെറും ഒരു നാളികേരം കൊണ്ട് ചെറിയ രീതിയിൽ ഉള്ള ഗണപതി ഹോമവും നടത്താം, പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശർക്കര, മുപ്പത്തിരണ്ട് കദളിപ്പഴം, നാഴിതേൻ, ഉരിയ നെയ്യ്, എന്നിവ കൊണ്ട് വിശേഷാൽ ഗണപതിഹോമവും നടത്താം. മലര്, പഴം, എള്ള്, കരിമ്പ്, ശര്‍ക്കര, അപ്പം, മോദകം, നാളികേരം എന്നീ അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് അഷ്ടദ്രവ്യ ഗണപതി ഹോമം നടത്താം. അവല്‍, തേന്‍, നെയ്യ്, കല്‍ക്കണ്ടം, മാതളനാരങ്ങ എന്നിവയും ചിലപ്പോൾ ഉപയോഗിക്കും. വെള്ളം വറ്റിയ ഉണങ്ങിയ തേങ്ങാ അഥവാ കൊട്ടത്തേങ്ങ ആണ് ഗണപതി ഹോമത്തിനു ഉപയോഗിക്കേണ്ടത്. 108, 336, 1008 എന്നിങ്ങനെ നാളികേര സംഖ്യ കൂടി വലിയ രീതിയിലും ഗണപതി ഹോമം നടത്തും. 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഗണപതി ഹോമത്തിന്റെ അവസാനം ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം.ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം.ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്. ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്‌ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. മാതാ, പിതാ, ഗുരു, ദൈവം എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്. പലര്‍ക്കു ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.
ഐക്യമത്യസൂക്തവും ഗായത്രിയും ജപിച്ചു നിശ്ചിത സംഖ്യ നെയ് ഹോമിച്ചാൽ അഭിഷ്ട സിദ്ധി ആണ് ഫലം.
എള്ളും അരിയും യഥാവിധി മന്ത്രം ചൊല്ലി ഹോമിച്ചാൽ പിതൃപ്രീതി സിദ്ധിക്കും. താമര മൊട്ടിൽ വെണ്ണ ലേപിച്ചു യഥാവിധി മന്ത്രം ജപിച്ചു ഹോമിച്ചാൽ ഭൂമിലാഭം വിധി. താമര മൊട്ടിന്റെ എണ്ണത്തിന് നിയമമുണ്ട്.നിശ്ചിത എണ്ണം ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയംവര മന്ത്രാര്‍ച്ചനയോടെ നിശ്ചിത ആവർത്തി ഹോമിച്ചാൽ മംഗല്യ ഭാഗ്യം ഉണ്ടാകും. ദമ്പതികളുടെ പക്കപ്പിറന്നാൾ ദിവസം സംവാദ സൂക്തം ചൊല്ലി യഥാവിധി ശർക്കര, കദളിപ്പഴം. നെല്ല്, തേന്‍ എന്നിവ ഹോമിച്ചാൽ വേർപിരിയാൻ നിൽക്കുന്ന ദമ്പതികൾ പോലും ഒന്നിക്കും. കൃത്യമായി കണക്കിന് ആവർത്തിച്ചാൽ തമ്മിൽ തെറ്റി പോയ ദമ്പതികൾ ഒരുമിക്കും. സന്താന ഗോപാലം ചൊല്ലി പഞ്ചസാര ഇല്ലാത്ത പാല്പായസം ഹോമിച്ചു, കദളിപ്പഴം നേദിച്ചാൽ സത്സന്താനത്തെ ലഭിക്കും.രൂപഹന്തിസൂക്തം, ഗായത്രി എന്നീ മന്ത്രങ്ങൾ കൊണ്ട് ഹവിസ്സ് ഹോമിച്ചാൽ ആയുരാരോഗ്യസൗഖ്യം. മുക്കുറ്റിയും തെച്ചിപ്പൂവും തൃമധുരത്തിൽ യഥാവിധി ഹോമിച്ചാൽ ആകർഷണവും, തെച്ചിയും കറുകയും യഥാവിധി മന്ത്രങ്ങൾ കൊണ്ട് കൃത്യമായ ആവർത്തി ഹോമിച്ചാൽ വശ്യവും ഫലം. മോദകം ഹോമിച്ചാൽ ഉദ്ദിഷ്ടകാര്യം ഫലം. ചെങ്കണ ഗണപതി മന്ത്രം ഉപയോഗിച്ച് പഞ്ചാമൃതം ഹോമിച്ചാൽ വിഘ്ന നിവാരണം നിശ്ചയം.നാളീകേരം, ശർക്കര, കദളിപ്പഴം, തേൻ ഇവ മഞ്ഞൾപ്പൊടി ചേർത്ത് നിശ്ചിത ദിവസം തുടർച്ചയായി യഥാവിധി മന്ത്ര ജപത്തോടെ ഹോമിച്ചാൽ എത്ര വലിയ പ്രതിബന്ധം ആയാലും, രോഗാവസ്ഥ ആയാലും അതിൽ നിന്നും മോചനം ലഭിക്കും.
അപ്പോഴത്തെ ഗ്രഹനില നോക്കി ഗണപതി ഹോമ വിധി നിശ്ചയിക്കാറുണ്ട്. കേതു ദോഷം കണ്ടാൽ ഗണപതി ഹോമം ആണ് പരിഹാരം. കേതുവിന്റെ ദശാകാലം പൊതുവെ അശുഭകരമായിരിക്കും. പ്രത്യേകിച്ച് ജാതകത്തിൽ ശത്രു സ്ഥാനത്തോ അനിഷ്ട ഭാവങ്ങളിലോ നിന്നാൽ ഗണപതി ഹോമം അനിവാര്യമാണ്.ജാതകത്തിൽ കേതു നില്ക്കുന്ന ഭാവം അനുസരിച്ച് വിവിധ മന്ത്രങ്ങളും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചാണ് ഗണപതി ഹോമം നടത്തേണ്ടത്. കേതു നിൽക്കുന്ന സ്ഥാനം നോക്കി ജപസംഖ്യയിലും ആവർത്തിയിലും വ്യത്യാസം ഉണ്ടാകും. ജാതകത്തിൽ കേതു അധിപൻ ആയിട്ടുള്ളവർക്കും കേതു ദേശാപഹാരസമയത്തും ഗണപതി ഹോമത്തിനു പ്രാധാന്യം ഉണ്ട്.
കേതു ആറിൽ നിൽക്കുന്നവർ ശത്രു ദോഷ പരിഹാരത്തിനായി ഉച്ഛിഷ്ട ഗണപതി മന്ത്രം ജപിച്ച് വേപ്പിൻ ചമത യഥാവിധി ആവർത്തിച്ച് ഹോമിച്ചാൽ മതി, ഫലസിദ്ധിയുണ്ടാകും. ധനസ്ഥാനമായ രണ്ടിൽ കേതു നിന്നാൽ ലക്ഷ്മീ വിനായക മന്ത്രം കൊണ്ട് കൃത്യമായ ദ്രവ്യങ്ങൾ കൊണ്ട് ഹോമം നടത്തണം. കേതു അഞ്ചിൽ നില്ക്കുന്ന സന്താന ദുരിതത്തിന് സന്താനഗോപാലമന്ത്രം ജപിച്ച് പാൽപ്പായസം ഹോമിച്ചാൽ മതിയാകുന്നതാണ്. കേതു മംഗല്യ സ്ഥാനത്ത് നില്ക്കുന്നതു മൂലം ഉണ്ടാകുന്ന ഭാര്യഭർത്യ കലഹത്തിന് സംവാദസൂക്തം കൊണ്ട് ഹോമം നടത്തണം. കേതുദോഷം കൊണ്ട് വിവാഹത്തിന് കാലതാമസമുണ്ടായാൽ സ്വയംവര മന്ത്രത്താൽ തെറ്റിപ്പൂവ് ഹോമിക്കണം. കേതു മാത്രമല്ല ശുക്രന്റെ രാശി നോക്കിയും ഗണപതി ഹോമം നിശ്ചയിക്കും. മന്ത്രവും ജപസംഖ്യയും ഹോമ ദ്രവ്യവും ഒക്കെ അതിനനുസരിച്ചു മാറും.

Photo :godhindus.com
ഗണപതി ഹോമത്തിന്റെ പ്രയോജനങ്ങൾ പ്രാഥമികമായി ആത്മീയ സ്വഭാവമുള്ളതാണെന്നും ഓരോ വ്യക്തിക്കും വ്യത്യസ്തമാകാമെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മാത്രമല്ല ഹോമിക്കാൻ ഉപയോഗിക്കുന്ന ദ്രവ്യങ്ങൾ, അവ ഹോമിക്കുന്ന സംഖ്യ, ജപിക്കുന്ന മന്ത്രം, ജപസംഖ്യ എന്നതിനെ ആശ്രയിച്ചു ഗണപതി ഹോമത്തിന്റെ ലക്‌ഷ്യം ഫലസിദ്ധി ഒക്കെ തന്നെയും മാറും. ജാതകം കൃത്യമായി അപഗ്രഥിച്ചു കൃത്യമായ ഹോമ ദ്രവ്യവും മന്ത്രവും സമന്വയിപ്പിച്ചു ഹോമം നടത്തിയാൽ നേടാൻ കഴിയാത്ത ഒരു ലക്ഷ്യവും ഇല്ല എന്നത് സത്യമാണ്. അതല്ല, അങ്ങനെ കൃത്യമായ രീതിയിൽ ഗണിക്കാതെ, (ദുരാ)ആഗ്രഹം നടക്കാൻ വേണ്ടി മാത്രം ഗ്രന്ഥങ്ങളിൽ കണ്ട ഹോമം നടത്തിയാൽ പുലിവാല് പിടിച്ച പോലെ ആകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
















Comments