ചിത്രകൂടത്തിൽ നിന്ന് വന്നശേഷം ശ്രീരാമാദികൾ പഞ്ചവടിയിലാണ് വന്നു താമസിച്ചത്.. കളിച്ചും ചിരിച്ചും ഉല്ലസിച്ചും അയോധ്യയിൽ കഴിഞ്ഞതുപോലെ ഉത്സാഹത്തോടെ ജീവിക്കാൻ അവർക്ക് ഇവിടെ സാധ്യമായി. അങ്ങനെ കുറേക്കാലം അവിടെ കഴിഞ്ഞു.
ഇത്തരത്തിൽ സന്തോഷത്തോടെ കഴിയുന്ന കാലത്താണ് ഒരു കാമിനിയുടെ വരവ്. “രാക്ഷസേശ്വരനായ രാവണഭഗിനി ഞാൻ ആഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ..” അവൾ കാമം കൊണ്ട് രാമലക്ഷ്മണന്മാരെ വശത്താക്കാൻ മാറിമാറി ശ്രമം നടത്തി. വിശ്വാമിത്ര മഹർഷി താടകാവനത്തിൽ വച്ച് നൽകിയ പരിശീലനത്തിന്റെ ബലത്തിൽ അതിനെ അതിജീവിക്കാൻ ശ്രീരാമാദികൾക്കായി. ഇതോടെ ശൂർപ്പണഖ കോപിച്ച് ഘോരരൂപിണിയായി സീതാദേവിയെ ആക്രമിക്കാൻ ശ്രമിച്ചു. സീതയെ രക്ഷിക്കാനായി ശ്രീരാമൻ തടുത്തു നിർത്തിയപ്പോൾ ലക്ഷ്മണൻ വാൾപ്രയോഗത്താൽ ശൂർപ്പണഖയുടെദേഹത്ത് പല മുറിവുകൾ ഉണ്ടാക്കി..
അവളുടെ വാക്കും കേട്ട് ശ്രീരാമാദികളെ ആക്രമിക്കാൻ വന്ന ഖരദൂഷണ തൃശ്ശിരസുകളെ ശ്രീരാമൻ ഒറ്റയ്‌ക്കു നേരിട്ട് വധിച്ചു. പേടിച്ചോടിയ ശൂർപ്പണഖ രാവണ സമീപം എത്തി, അവിടെ കഥകൾ മാറ്റിമറിച്ചു. വാഗ് വൈഭവം കൊണ്ട് രാവണന്റെ ശ്രദ്ധ സീതയിലേക്ക് തിരിച്ചുവിട്ടു.. തുടർന്നാണ് മാരീചൻ എന്ന കലാകാരന്റെ സഹായത്തോടെ സീതാദേവിയെ കടത്തിക്കൊണ്ടു പോയത്. മാരീചന്റെ സുവർണ്ണ നിറം കണ്ട “മായാസീത” അതിൽ മയങ്ങുകയും ചെയ്തു. രാവണനെ തടയാൻ ശ്രമിച്ച പക്ഷിരാജൻ ജടായുവിന് രാവണന്റെ കപട മുഖങ്ങളെ പരാജയപ്പെടുത്താനായില്ല.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
















Comments