പത്തനംതിട്ട: നൗഷാദ് തിരോധന കേസിൽ പോലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതാണെന്ന അഫ്‌സാനയുടെ കള്ളം പൊളിയുന്നു. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കൈയിലും മുഖത്തും ഉണ്ടായ പാടുകൾ പോലീസ് അടിച്ചു മുറിവേൽപിച്ചതെന്ന് അഫ്‌സന നൽകിയ മൊഴി പച്ചക്കള്ളമാണെന്ന് ഇതോടുകൂടി തെളിഞ്ഞു. പോലീസിനെതിരെ വൻ ഗുരുത ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി അഫ്‌സാന ഉന്നയിച്ചത്.
ഡിവൈഎസ്പിയാണ് തന്നെ മർദ്ദിച്ചതെന്നും മറ്റുള്ളവരുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാമെന്നും യൂണിഫോം ഇട്ടവരും ഇടാത്തവരും തന്നെ തല്ലിച്ചതച്ചെന്നുമാണ് അഫ്‌സാന പറഞ്ഞത്. കൈ ചുരുട്ടിയാണ് അവർ അടിച്ചത്. കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തനിക്ക് വലുത് കുടുംബമാണെന്നും അതുകൊണ്ട് കുറ്റം ഏൽക്കുകയായിരുന്നു. പോലീസിന്റെ മൂന്നാം മുറയെന്ന് കേട്ടിട്ടെയുള്ളുവെന്നും അത്രമേൽ ക്രൂരമായാണ് തന്നെ മർദ്ദിച്ചത്. താൻ അത്തരത്തിലൊരു കുറ്റം ചെയ്തിട്ടില്ല-അഫ്‌സാന പറഞ്ഞു. കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും പെപ്പർ സ്‌പ്രേ ഉൾപ്പെടെയുള്ളവ പ്രയോഗിച്ചുവെന്നും അഫ്‌സാന നേരത്തെ ആരോപിച്ചിരുന്നു.
പോലീസിന്റെ ക്രൂര മർദ്ദനം വെളിപ്പെടുത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു.സംസ്ഥാന പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. അഫ്‌സാനയുടെ ആരോപണങ്ങൾ വസ്തുത രഹിതമെന്ന് തെളിവ് സഹിതം പോലീസ് പുറത്തുവിട്ട സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ നിലപാട് നിർണായകമാകും.
















Comments