ഒരുകാലത്ത് മലയാള സിനിമയെ അടക്കിഭരിച്ച താരമാണ് ആക്ഷൻ ഹീറോയിൻ എന്നറിയപ്പെട്ടിരുന്ന വാണി വിശ്വനാഥ്. എന്നാൽ വിവാഹിതയായതിന് ശേഷം വാണി വിശ്വനാഥ് അഭിനയം നിർത്തിയിരുന്നു. നിലവിൽ വീട്ടമ്മയായി കഴിയുകയാണെങ്കിലും താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ ബാബുരാജ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു എന്ന സന്തോഷ വാർത്തയാണ് എത്തുന്നത്. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് വാണി തിരികെയെത്തുന്നത്. ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു ഇടവേളയ്‌ക്ക് ശേഷമുളള തിരിച്ചുവരവായതിനാൽ പ്രേക്ഷകർക്ക് ആകാംക്ഷയേറെയാണ്. സുപ്രധാനമായ കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം ഇന്ന് രാവിലെ ലാൽ നിർവഹിച്ചു. ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. അതിന്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനിൽ പങ്കുവെച്ചു. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായികയായെത്തുന്നത്. പ്രമുഖ ഡബ്ബിംഗ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.
ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് സംവിധായകൻ ജോ ജോർജ് പറഞ്ഞു. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഹരി നാരായണനാണ് , സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് – അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ -വാഴൂർ ജോസ്.
Comments