ഭോപ്പാൽ: ആദായ നികുതി അടയ്‌ക്കാത്തതിനെ തുടർന്ന് നോട്ടീസ് ലഭിക്കുന്ന പല കേസുകളും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായ ഒരു ആദായ നികുതി നോട്ടീസ് ആണ് ചർച്ചാ വിഷയം. പത്ത് വർഷം മുമ്പ് മരിച്ച അദ്ധ്യാപികയുടെ പേരിലാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവം മദ്ധ്യപ്രദേശിലെ പത്‌ഖേഡ ഗ്രാമത്തിലാണ്. അദ്ധ്യാപിക ആയിരുന്ന ഉഷ സോണിയയ്‌ക്കാണ് നികുതി കുടിശ്ശിക കാണിച്ച് 7.55 കോടി രൂപ അടയ്‌ക്കണമെന്ന ആദായനികുതി നോട്ടീസ് ലഭിച്ചത്. ഉഷ സോണിയ മരിക്കുന്നത് 2013-ലാണ്. എന്നാൽ 2017-18 മൂല്യ നിർണയ വർഷത്തെ നോട്ടീസ് ആണ് ലഭിച്ചിരിക്കുന്നത്. തന്റെ അമ്മ 2013-ൽ മരിച്ചെന്നും നോട്ടീസിൽ നാച്ചുറൽ കോസ്റ്റിംഗ് എന്ന കമ്പനിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും ഉഷയുടെ മകൻ പറയുന്നു. സംഭവത്തിന് പിന്നാലെ യുവാവ് പോലീസിൽ പരാതി നൽകിയെന്നും പറഞ്ഞു.
‘ഒരുപാട് നാളെത്ത അസുഖത്തിന് പിന്നാലെ 2013 നവംബർ 16-നാണ് അമ്മ മരിക്കുന്നത്. നോട്ടീസ് 2017-18 മൂല്യനിർണയ വർഷത്തേതാണ്. നോട്ടീസിൽ നാച്ചുറൽ കോസ്റ്റിംഗ് എന്ന കമ്പനിയെ പറ്റി പറയുന്നുണ്ട്. സ്‌ക്രാപ്പ് മെറ്റീരിയൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണിത്. ഞങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അമ്മയുടെ പാൻ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഞങ്ങൾ അത് അറിഞ്ഞിരുന്നില്ല.’- ഉഷയുടെ മകൻ പറയുന്നു.
അതേസമയം, ഇരുമ്പ് കമ്പികൾ വിൽക്കുന്ന കടയിൽ ജോലി ചെയ്യുന്ന നിതിൻ ജെയിൻ 1.26 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസായിരുന്നു ലഭിച്ചത്. ഇത് കണ്ട അദ്ദേഹം ആദ്യം അമ്പരന്നു. ആദായനികുതി ഓഫീസിൽ ചെന്നപ്പോൾ തമിഴ്നാട്ടിലെ കുറ്റാലത്ത് തന്റെ പേരിൽ അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. താൻ ആ പേര് പോലും കേട്ടിട്ടില്ലെന്നാണ് ഈ യുവാവ് പറയുന്നത്.
‘2014-15ൽ എന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അതിന് ശേഷം നിരവധി വലിയ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും എന്നോട് പറഞ്ഞു. ഇതേ തുടർന്നാണ് എനിക്ക് 1.26 കോടി രൂപയുടെ നോട്ടീസ് അയച്ചത്. ഞാൻ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്,’-യുവാവ് പറയുന്നു.
















Comments